രാഷ്ട്രപതിയും പ്രധാമന്ത്രിയും ഉള്‍പ്പെടെ ഇന്ത്യയിലെ ഉന്നത വ്യക്തിത്വങ്ങളെ ചൈന നിരീക്ഷണ വലയത്തിലാക്കിയതായി റിപ്പോര്‍ട്ട്‌

Posted on: September 14, 2020 10:42 am | Last updated: September 14, 2020 at 4:00 pm

ന്യൂഡല്‍ഹി | രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് എന്നിവരുള്‍പ്പെടെ 10,000ത്തോളം ഉന്നത വ്യക്തിത്വങ്ങളെ ചൈന നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, ചില സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ജഡ്ജിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, വ്യവസായികള്‍, പ്രധാന മന്ത്രിയുടെ കുടുംബാംഗങ്ങള്‍ എന്നിവരെല്ലാം ചൈനയുടെ നിരീക്ഷണ പട്ടികയിലുണ്ടെന്നാണ് സൂചന.

ചൈനീസ് സര്‍ക്കാറും രഹസ്യാന്വേഷണ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സാമൂഹിക മാധ്യമങ്ങള്‍ വഴിയും മറ്റും നിരീക്ഷണം നടത്തുന്നതെന്നാണ് ഒരു ദേശീയ മാധ്യമത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതിര്‍ത്തിയില്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിനുള്ള സാധ്യത നിലനില്‍ക്കെ ഇന്ത്യയിലെ ഉന്നത വ്യക്തിത്വങ്ങളെ ചൈന നിരീക്ഷണ വലയത്തിലാക്കിയെന്നത് വളരെ ഗൗരവതരമായാണ് വിലയിരുത്തപ്പെടുന്നത്.