Connect with us

Kannur

മലബാര്‍ കാന്‍സര്‍ സെന്റര്‍; വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

Published

|

Last Updated

തലശ്ശേരി | കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്‍ഡ് റിസര്‍ച്ച് ആയി വികസിപ്പിക്കാനുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ 11.30ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അധ്യക്ഷത വഹിക്കും. എ എന്‍ ഷംസീര്‍ എം എല്‍ എ, കെ മുരളീധരന്‍ എം പി എന്നിവര്‍ മുഖ്യാതിഥികളാകും.

11.39 കോടി രൂപ ചെലവിട്ടുള്ള പീഡിയാട്രിക് ഹെമറ്റോളജി ആന്‍ഡ് ഓങ്കോളജി ബ്ലോക്ക്, ഒമ്പത് കോടിയുടെ ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് റേഡിയോളജി എക്സ്റ്റന്‍ഷന്‍ ബ്ലോക്ക്, ഒമ്പതര കോടിയുടെ ക്ലിനിക്കല്‍ ലാബ് സര്‍വീസസ് ആന്‍ഡ് ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് ബ്ലോക്ക്, ഒമ്പതര കോടിയുടെ ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി വിഭാഗം, 95 ലക്ഷത്തിന്റെ കാന്റീന്‍ വിപുലീകരണം, ആറു കോടിയുടെ 64 സ്ലൈസ് ഫ്‌ളൂറോ സി ടി സ്‌കാന്‍, നാലു കോടിയുടെ സ്‌പെക്റ്റ് സി ടി സ്‌കാനര്‍ തുടങ്ങിയ പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. 81.69 കോടിയുടെ റേഡിയോ തെറാപ്പി ബ്ലോക്കിന്റെ വിപുലീകരണം, ഒ പി ബ്ലോക്ക് നവീകരണം, 32 കോടിയുടെ സ്റ്റുഡന്‍സ് ഹോസ്റ്റല്‍ എന്നീ പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും ഇതോടൊപ്പം നടക്കും.

2000ത്തില്‍ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വൈദ്യുതി മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. ഇ കെ നായനാര്‍ വൈദ്യുതി വകുപ്പിന് കീഴില്‍ ആരംഭിച്ച ഈ സ്ഥാപനം പിന്നീട് 2008ല്‍ ആരോഗ്യ വകുപ്പിന് കൈമാറി. നിലവിലെ സര്‍ക്കാറിന്റെ കാലത്ത് വലിയ വികസന പ്രവര്‍ത്തനങ്ങളാണ് മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടന്നത്.

Latest