Connect with us

Articles

ഫാസിസത്തിനെതിരായ സാധ്യതകള്‍

Published

|

Last Updated

ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ പാര്‍ലിമെന്ററി ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യമാണെന്ന് പറയാനാകുമോ? ഇങ്ങനെയൊരു ചോദ്യത്തിന് തന്നെ പ്രസക്തിയില്ലാത്ത കരുത്തുറ്റ ജനാധിപത്യ മതനിരപേക്ഷ രാജ്യമായിരുന്നല്ലോ നമ്മുടേത്. പിന്നെന്തുകൊണ്ട് ഇങ്ങനെയൊരു ചോദ്യം ഉടലെടുക്കുന്നു? രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറിയ ദിവസം മുതല്‍ കടന്നുപോകുന്ന ഓരോ ദിവസവും ഈ ചോദ്യത്തെ കൂടുതല്‍ പ്രസക്തമാക്കുന്നുണ്ട്. ജനാധിപത്യത്തില്‍ നിന്ന് രാജ്യത്തെ പിന്തിരിപ്പിച്ചും മതനിരപേക്ഷതയെ നിഷ്‌കാസനം ചെയ്തും രാജ്യത്തെ സവര്‍ണ വര്‍ഗീയതയിലേക്ക് എങ്ങനെ പരിവര്‍ത്തിപ്പിച്ചെടുക്കാമെന്ന പരീക്ഷണത്തില്‍ ഏര്‍പ്പെടുകയും അതില്‍ പടിപടിയായി വിജയത്തിലേക്ക് മുന്നേറുകയും ചെയ്യുന്ന ഭരണത്തിന് കീഴിലാണ് രാജ്യം എത്തിപ്പെട്ടിരിക്കുന്നത്. അരിച്ചരിച്ചെത്തി പിന്നെ വരിഞ്ഞുമുറുക്കി ഫാസിസം എന്ന വിഷ സര്‍പ്പം എങ്ങനെയാണ് സമാധാനത്തോടെയും സൗഹാര്‍ദത്തോടെയും കഴിഞ്ഞുകൂടുന്ന വലിയൊരു ജനാധിപത്യ മതനിരപേക്ഷ സമൂഹത്തെ അപ്പാടെ വിഴുങ്ങുക എന്നതിന്റെ ലോകത്തിലെ തന്നെ വലിയൊരു ഉദാഹരണമായി മാറിയിരിക്കുകയാണ് മോദി ഭരണം.

അപര മതസ്ഥരുടെ അടുക്കളകളിലേക്ക് വരെ നുഴഞ്ഞുകയറി ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഭാഷകളിലും വരെ സവര്‍ണ മേധാവിത്വത്തിന്റെ അധീശത്വം സ്ഥാപിച്ചെടുക്കാനുള്ള ശ്രമമാണ് ഇന്ത്യയില്‍ ആദ്യമായി അവര്‍ പരീക്ഷിച്ചത്. അതില്‍ വിജയിക്കണമെങ്കില്‍ ഭരണകൂട പിന്തുണ മാത്രം പോരായിരുന്നു. കാരണം ജനാധിപത്യം ശക്തമായ വേരോട്ടമുള്ള ഏത് രാജ്യത്തും സ്വതന്ത്ര മീഡിയകളുടെ എല്ലുറപ്പുള്ള നിലപാടുകള്‍ ജനവിരുദ്ധ ഭരണാധികാരികളുടെ പേടിസ്വപ്‌നം തന്നെയായി നിലനില്‍ക്കും. അതാണ് ജനാധിപത്യത്തിന്റെ കരുത്തും. അത് ശരിക്കും മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് മോദിയും സംഘ്പരിവാരവും ചരടുവലിച്ചതും. ആ കുരുക്കില്‍ വീണ ഇന്ത്യയിലെ കോര്‍പറേറ്റനുകൂല മീഡിയകളുടെ തത്വദീക്ഷയില്ലാത്ത നിലപാടുകളുടെ പിന്തുണകള്‍ തന്നെയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന് ചരമക്കുറിപ്പെഴുതാന്‍ സാഹചര്യം എളുപ്പമാക്കിയതും. അര്‍ണബ് ഗോസ്വാമിമാരുടെ മുട്ടിലിഴയല്‍ നമ്മള്‍ കാണുന്നുണ്ടല്ലോ.

പൗരത്വ ബില്‍ നിയമമാക്കുക വഴി ഫാസിസം അതിന്റെ സംഹാര താണ്ഡവത്തിന് ഇന്ത്യന്‍ മണ്ണിനെ പാകമാക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് കൊറോണ വൈറസിന്റെ പിടിമുറുക്കവും ഇന്ത്യയില്‍ സംഭവിക്കുന്നത്. അതോടെ അത് നടപ്പാക്കുന്നതിന്റെ വേഗത കുറഞ്ഞു എന്ന് തോന്നിപ്പിച്ചുവെങ്കിലും ഉര്‍വശീ ശാപം ഉപകാരം എന്ന ചൊല്ലിനെ ഓര്‍മിപ്പിച്ചു കൊണ്ട് അപര മതവിദ്വേഷ പ്രചാരണത്തിന് (പ്രത്യേകിച്ച് മുസ്‌ലിം വിഭാഗത്തെ ലക്ഷ്യം വെച്ച്) കൊവിഡ് 19നെയും ഭരണകൂടം ആയുധമാക്കുന്നത് നാം കണ്ടു.

സ്വതന്ത്ര ഇന്ത്യയെന്നത് ഒരു സങ്കല്‍പ്പം മാത്രമായി അവശേഷിക്കുന്നു എന്നിടത്തേക്ക് കാര്യങ്ങള്‍ നീങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇതില്‍ നിന്ന് ഇനി എങ്ങനെ രാജ്യത്തെവിമോചിപ്പിച്ച് ജനാധിപത്യ മതനിരപേക്ഷതയിലേക്ക് തിരിച്ചെത്തിക്കാനാകും എന്ന അതീവ പ്രാധാന്യമുള്ള ചോദ്യമുയരുന്നു. ഈ ചിന്തക്കാണ് പുതിയ ഇന്ത്യയില്‍ തിരി കൊളുത്തേണ്ടത്. പക്ഷേ, അത് സ്വാഭാവികമായി അങ്ങ് നടന്നേക്കാവുന്ന ഒരു സംഗതിയേ അല്ല. ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് മോചനം നേടാന്‍ നടത്തിയ സമരത്തേക്കാളും ശക്തമായ സമര പാതകളും ബഹുജന മുന്നേറ്റങ്ങളും സംഘടിപ്പിച്ചു കൊണ്ടല്ലാതെ അത് സാധ്യവുമല്ല. അത്രയും വലിയൊരു ദൗത്യം ഏറ്റെടുത്ത് മുന്നോട്ടു നയിക്കാന്‍ ഇന്ത്യയില്‍ കരുത്തുറ്റ ഒരു ജനാധിപത്യചേരി നിലവില്‍ ഇല്ലായെന്ന വസ്തുതയിലേക്കാണ് വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത്.
നരേന്ദ്ര മോദിയെന്ന തീവ്ര വലതുപക്ഷ കോര്‍പറേറ്റനുകൂല ഭരണാധികാരിക്കെതിരെ വാക്ക് കൊണ്ടല്ലാതെ പ്രായോഗികമായ പ്രവര്‍ത്തനം കാഴ്ചവെച്ച് ഒരു ജനപക്ഷ ബദലാകാന്‍ മുഖ്യ പ്രതിപക്ഷത്തിന് കഴിയുന്നില്ല. അവര്‍ ആത്മാര്‍ഥമായി അങ്ങനെയൊരു ശ്രമവും നടത്തുന്നുമില്ല എന്നതല്ലേ യാഥാര്‍ഥ്യം? കോണ്‍ഗ്രസിന്റെ ദുര്‍ബലമായ രാഷ്ട്രീയ നിസ്സംഗതയെ കുറിച്ച് ഇരുപതില്‍പരം മുതിര്‍ന്ന നേതാക്കള്‍ പങ്കുവെച്ച ആശങ്ക ഇതിലേക്ക് വിരല്‍ചൂണ്ടുന്നു. ഗുലാം നബി ആസാദടക്കമുള്ളവര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന കാതലായ ആ വശത്തെ അവഗണിക്കുകയാണ് നെഹ്‌റു കുടുംബത്തിന്റെ പിന്‍മുറക്കാര്‍ എന്നവകാശപ്പെടുന്നവര്‍ ചെയ്തത്.

അവശേഷിക്കുന്ന നെഹ്‌റു കുടുംബത്തിന്റെ വക്താക്കളില്‍ നിന്ന് തന്നെ നെഹ്‌റു ഉയര്‍ത്തിപ്പിടിച്ചിരുന്ന ഉന്നതമായ ജനാധിപത്യ മൂല്യത്തിനെതിരായ തരത്തിലുള്ള സംസാരങ്ങള്‍ വന്നു എന്നത് നിരാശാജനകമായി. അതോടെ ബി ജെ പിക്കെതിരെയുള്ള ഒറ്റക്കെട്ടായ ശക്തമായ പോരാട്ടം എന്നത് വെറും ഒരു വാചക കസര്‍ത്തായി തരം താഴ്ന്നു എന്നതല്ലേ സംഭവിച്ചത്?

ഇന്ത്യന്‍ ജുഡീഷ്യറി പോലും പല ഘട്ടത്തിലും ഭരണകൂടത്തിന്റെ നടത്തിപ്പുകാരായി മാറിത്തുടങ്ങിയോ എന്ന സംശയം ജനിപ്പിച്ച പല വിധികളും പ്രഖ്യാപിച്ചപ്പോള്‍ സധൈര്യം എതിര്‍പ്പിന്റെ ശബ്ദം ഉയര്‍ത്തുന്നതിലും കോണ്‍ഗ്രസ് നേതൃത്വത്തെ കണ്ടില്ല. മോദിയും കൂട്ടരും നടപ്പാക്കുന്ന ഓരോ ഫാസിസ്റ്റ് അജന്‍ഡയെയും പേരിന് പ്രസ്താവനകളിലൂടെ എതിര്‍ക്കുകയും പിന്നീടത് നടപ്പാക്കുമ്പോള്‍ അതിനോട് സമരസപ്പെട്ട് മുന്നോട്ട് പോകുക എന്ന ലൈനില്‍ എത്തിനില്‍ക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മോദിയില്‍ നിന്ന് ഇന്ത്യയെ മോചിപ്പിച്ചെടുക്കാനൊന്നും കഴിയില്ലെന്ന് ഏതാണ്ട് വ്യക്തമായി കഴിഞ്ഞിരിക്കുന്നു.

പിന്നെയാര്‍ക്ക് എന്ന ന്യായമായ ചോദ്യമുണ്ട്. വര്‍ഗീയതക്കും കോര്‍പറേറ്റ് മുതലാളിത്തത്തിനും ഫാസിസത്തിനുമൊക്കെ എതിരായ രാഷ്ട്രീയ കാഴ്ചപ്പാട് ഇടതുപക്ഷ കക്ഷികള്‍ക്കുണ്ടെങ്കിലും അവര്‍ക്കതിന് ആകുമോ? ഇപ്പോഴത്തെ അവസ്ഥയില്‍ ആകില്ലെന്നു തന്നെ കരുതണം. കാരണം അഖിലേന്ത്യാ അടിസ്ഥാനത്തില്‍ അതിന് വേരോട്ടമില്ല എന്നതു തന്നെയാണ് പ്രധാന കാരണം. അങ്ങനെ വേരോട്ടമുണ്ടാക്കാനുള്ള പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ അവര്‍ക്കാകുന്നില്ല എന്ന ദൗര്‍ബല്യവും ഇന്ത്യന്‍ ഇടതു പക്ഷത്തിനുണ്ട് എന്ന് സമ്മതിക്കാതിരുന്നിട്ട് കാര്യമില്ല. ഫലത്തില്‍ ബി ജെ പിയെ പ്രായോഗികതലത്തില്‍ ശക്തമായി എതിര്‍ക്കാന്‍ കെല്‍പ്പുള്ള ആരുമില്ലെന്ന് തന്നെയാണ് ഖേദകരമായ വസ്തുത.

ഇനി നമ്മള്‍ കൊവിഡിനോടൊപ്പം ജീവിക്കേണ്ടിവരും എന്നാണല്ലോ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതുപോലെ ഇന്ത്യക്കാരായ നമുക്ക് ഇനി ഫാസിസത്തോടൊപ്പവും ജീവിക്കേണ്ടി വരും എന്ന ഒരവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇന്ത്യയില്‍ കൊവിഡ് വ്യാപനം തടയുന്നതില്‍ നമ്മുടെ ഭരണാധികാരികള്‍ പരാജയപ്പെട്ടതുപോലെ വര്‍ഗീയ ഫാസിസം വ്യാപിക്കുന്നത് ചെറുക്കുന്നതില്‍ ഇന്ത്യയിലെ ഫാസിസ്റ്റിതര ചിന്തകരും കക്ഷികളും എല്ലാം പരാജയപ്പെട്ടിരിക്കുന്നു. കൊവിഡിന് മരുന്നോ വാക്‌സിനോ കണ്ടുപിടിക്കുന്നതോടെ അതില്‍ നിന്ന് സാവകാശത്തിലെങ്കിലും മുക്തി പ്രതീക്ഷിക്കാം. അതുവരെ ഓരോ വ്യക്തികളുടെയും ജാഗ്രത മാത്രമാണ് പ്രതിരോധ മാര്‍ഗം. ഇന്ത്യയെ ഗ്രസിച്ചുകഴിഞ്ഞ ഫാസിസ്റ്റ് വര്‍ഗീയ മഹാമാരിയില്‍ നിന്നോ? അതിനെ ചെറുക്കുന്നതിനുള്ള വഴികളും നാള്‍ക്കുനാള്‍ അടഞ്ഞു കൊണ്ടിരിക്കുകയാണ്.

ഓരോ വ്യക്തിക്കും പരമാവധി എത്ര പേരോട് സംവദിച്ച് ഫാസിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുമോ അത്രയും പേരിലേക്ക് മതനിരപേക്ഷ ജനാധിപത്യ ആശയങ്ങള്‍ കൈമാറുക. പ്രശാന്ത് ഭൂഷണിനെപ്പോലുള്ള, ഇടക്ക് വീണുകിട്ടുന്ന ധീരമായ ശബ്ദങ്ങള്‍ക്കൊപ്പം അണി ചേരാനുള്ള ക്യാമ്പയിനുകള്‍ സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങുക. വന്‍കിട മീഡിയകള്‍ ഭരണകൂടത്തിന്റെ വാടക നാവായ സ്ഥിതിക്ക് സമാന്തര മീഡിയകളെയും നവ മാധ്യമങ്ങളെയും ഉപയോഗിച്ചുകൊണ്ടുള്ള പ്രചാരണങ്ങളെ ശക്തിപ്പെടുത്തുക. സാധ്യതകളായി അവശേഷിക്കുന്നത് ഇതൊക്കെയാണ്.

Latest