Gulf
ഈത്തപ്പഴ മേള: ബുറൈദ സൂഖിൽ വിറ്റുവരവ് നൂറ് കോടി റിയാൽ കവിഞ്ഞു
റിയാദ് | സഊദിയിൽ ഈത്തപ്പഴ വിളവെടുപ്പ് കാലമായതോടെ , രാജ്യത്തെ ഏറ്റവും വലിയ ഉല്‍പാദകമേഖലയായ അല്‍ഖസീമിലെ ഈത്തപ്പഴ വിളവെടുപ്പ് ഉത്സവ മേളയിൽ റെക്കോർഡ് വിൽപ്പന നടന്നതായി സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.
ഫെസ്റ്റിവൽ കമ്മിറ്റി പുറത്തിറക്കിയ പ്രതിദിനകണക്കുകൾ പ്രകാരം ഈ വർഷത്തെ വിളവെടുപ്പ് ഉത്സവം ആരംഭിച്ച് 38 ദിവസം പിന്നിട്ടതോടെ വിൽപ്പന ഒരു ബില്യൺ റിയാൽ കവിഞ്ഞതായും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റെക്കോർഡ് വിൽപ്പനയാണിതെന്നും ബുറൈദ ഡേറ്റ്സ് ഫെസ്റ്റിവലിൽ സിഇഒ ഡോ. ഖാലിദ് അൽ-നഖിദാൻ പറഞ്ഞു.
രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥയിൽ ബുറൈദ ഡേറ്റ്സ് ഫെസ്റ്റിവൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബുറൈദ ഗവര്ണറേറ്റ് , ബുറൈദ മുനിസിപ്പാലിറ്റി, ടൂറിസം വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ ഈ വർഷത്തെ മേള സംഘടിപ്പിച്ചിരിക്കുന്നത്.
57 ദശലക്ഷം കിലോഗ്രാം ഈത്തപ്പഴമാണ് ഈ വർഷത്തെ ഫെസ്റ്റിവലിൽ എത്തിയിരിക്കുന്നത്, സ്വാദിഷ്ടവും പോഷകസമൃദ്ധവും അറബികളുടെ പ്രിയങ്കരവുമായ “സുക്കരി” ഇനത്തിൽ പെട്ട ഈത്തപ്പഴത്തിനാണ് ആവശ്യക്കാരിലേറെയും. റുത്തബ്, ഇഖ്‌ലാസ് തുടങ്ങിയ ഈത്തപ്പഴങ്ങളും ഇത്തവണ പ്രദർശനത്തിനെത്തിയിട്ടുണ്ട്. കൃ
ആധുനികതിയിലേക്ക് ലോക കാർഷിക രംഗം മാറ്റിയിട്ടും പൗരാണിക കൃഷിയെ നിറം മങ്ങാതെ സംരക്ഷിച്ചു വരികയാണ് സഊദി അറേബ്യ. രാജ്യത്തെ പ്രധാന കൃഷിയും വരുമാന മാര്‍ഗ്ഗം കൂടിയാണിത്. എട്ട് ദശലക്ഷത്തിലധികം ഈന്തപ്പനകളാണ് ബുറൈദയിലുള്ളത്.



