Connect with us

Kerala

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി

Published

|

Last Updated

പത്തനംതിട്ട | 2,000 കോടിയുടെ പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും(ഇ ഡി) അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി പോലീസില്‍നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകളും മറ്റു തെളിവുകളുടെ പകര്‍പ്പും ഇ ഡി ശേഖരിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറിയതായി ജില്ലാ പോലീസ് മേധാവി കെ ജി സൈമണും സ്ഥീരീകരിച്ചു.

പോപ്പുലര്‍ ഫിനാന്‍സ് ഉടമകളില്‍ നിന്ന് കഴിഞ്ഞ ദിവസം പോലീസ് കണ്ടെടുത്ത സാമ്പത്തിക, ഭൂമി ഇടപാട് സംബന്ധിച്ച രേഖകള്‍, ഇലക്ട്രോണിക് തെളിവുകളുടെ പകര്‍പ്പ് തുടങ്ങിയവയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചിരിക്കുന്നത്. അതേസമയം, പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ അവശേഷിക്കുന്ന ആസ്തി 125 കോടി രൂപയുടേതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോന്നിയിലെ വകയാറിന് പുറമേ തൃശ്ശൂര്‍, തിരുവനന്തപുരം, കൊച്ചി തുടങ്ങിയ നഗരങ്ങളിലും ഇവര്‍ക്ക് നിക്ഷേപമുണ്ടായിരുന്നു. തട്ടിപ്പ് നടത്തി മുങ്ങുന്നതിന് മുമ്പ് തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും കെട്ടിടങ്ങളും ഫ്ളാറ്റുകളും കുറഞ്ഞ വിലയ്ക്ക് വിറ്റഴിച്ചതായും പ്രാഥമിക വിവരങ്ങള്‍ ലഭിച്ചു.

കേരളത്തിന് പുറത്ത് തമിഴ്‌നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലും ഭൂമി വാങ്ങിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇവരുടെ പേരിലുള്ള ആഡംബര കാറുകളടക്കം 12 വാഹനങ്ങളാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സാമ്പത്തിക തട്ടിപ്പിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നതായി കണ്ടെത്തിയതോടെ നാളെ കോടതിയില്‍ ഹാജരാക്കുന്ന തോമസ് ഡാനിയേലിനെയും ഡയറക്ടര്‍മാരായ പ്രഭാ തോമസ്,  മക്കളായ റിനു മറിയം തോമസ്, റേബ മേരി എന്നിവരെയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ പോലിസ് അപേക്ഷ നല്‍കിയേക്കും.

ഇതിന് മുന്നോടിയായി പ്രതികളെ ഒരുമിച്ചിരുത്തി ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി ചോദ്യം ചെയ്യും.  കേസിലെ മറ്റൊരു പ്രതി ഡോ. റിയാ അന്നാ തോമസിനെ അറസ്റ്റുചെയ്യാനും പോലിസ് ശ്രമം തുടങ്ങി. ഇതിനിടയില്‍ നിക്ഷേപകരുടെ പണം തിരിമറി നടത്തിയതിന് പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ വീട്ടില്‍ കുടുംബകലഹവും നടന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന റിനു മറിയം തോമസ് സ്ഥാപനത്തിന്റെ ചുമതല ഏറ്റെടുത്ത ശേഷമാണ് വ്യാപകമായി നിക്ഷേപങ്ങള്‍ വക മാറ്റിയതെന്നാണ് കണ്ടെത്തല്‍. ഇവരുടെ ഭര്‍ത്താവിന്റെ ബന്ധുവിന്റെ പേരിലേക്ക് സ്വത്തുക്കള്‍ മാറ്റുന്നതിനെച്ചൊല്ലി പിതാവും സ്ഥാപനങ്ങളുടെ എം ഡിയുമായ തോമസ് ഡാനിയേലുമായി പലപ്പോഴും കലഹങ്ങളും ഉണ്ടായി. റിനുവിന്റെ ഭര്‍ത്തൃവീടുമായി അടുപ്പമുള്ള ഒരു അക്കൗണ്ടന്റിന്റെ ഉപദേശത്തിലാണ് എല്‍ എല്‍ പി (ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് ) കമ്പനികളിലേക്ക് നിക്ഷേപത്തുക മാറ്റിയത്.

റിനു മറിയം തോമസിന്റെ നിര്‍ദേശപ്രകാരം 21 കമ്പനികളാണ് പോപ്പുലര്‍ ഫിനാന്‍സിന്റെ അനുബന്ധ കമ്പനികളായി രൂപവത്കരിച്ചത്. എന്നാല്‍, പോപ്പുലര്‍ ഫിനാന്‍സിന്റെ മുന്‍ ജനറല്‍ മാനേജര്‍മാരാണ് സാമ്പത്തിക തിരിമറി നടത്തിയതെന്ന് ഉടമകള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. അവരുടെമേല്‍, കുറ്റംചുമത്തി രക്ഷപ്പെടാനുള്ള തന്ത്രമാണിതെന്നാണ് പോലിസിന്റെ പ്രാഥമിക വിലയിരുത്തല്‍. പണം വിദേശത്തേക്ക് കടത്തിയതും നിക്ഷേപങ്ങള്‍ വകമാറ്റിയതും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനായി സ്ഥാപനത്തിന്റെ ഭരണപരമായ ചുമതല വഹിച്ചിരുന്നവരടക്കം ജീവനക്കാരെ പോലീസ് ചോദ്യംചെയ്തിരുന്നു. ഇലക്ട്രോണിക് രേഖകളുടെ പരിശോധന സൈബര്‍ സെല്‍ സംഘമാണ് നടത്തിവരുന്നത്.

ഒരു മാസത്തിനിടെ പോപ്പുലര്‍ ഉടമകള്‍ ക്രയവിക്രയം നടത്തിയ ഭൂമിയുടെ വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ അടക്കം വിദേശരാജ്യങ്ങളിലെ നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകളുടെ പരിശോധനയ്ക്ക് അടൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Latest