ഡല്‍ഹി അക്രമം: യെച്ചൂരിയെ പ്രതി ചേര്‍ത്തിട്ടില്ലെന്ന വിശദീകരണവുമായി പോലീസ്

Posted on: September 13, 2020 8:54 am | Last updated: September 13, 2020 at 3:04 pm

ന്യൂഡല്‍ഹി | ഡല്‍ഹി അക്രമക്കേസില്‍ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പ്രതി ചേര്‍ത്തിട്ടില്ലെന്ന വിശദീകരണവുമായി പോലീസ്. കലാപത്തിന് ആസൂത്രണം ചെയ്തവരെന്ന പേരില്‍ ആരുടെയും പേരുകള്‍ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടില്ല. ഒരു പ്രതിയുടെ മൊഴിയില്‍ പൗരത്വ നിയമ ഭേദഗതി സമരം സംഘടിപ്പിച്ചവരുടെ പേരുകള്‍ ഉണ്ടായിരുന്നുവെന്നും അതാണ് കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ളതെന്നുമാണ് ഡല്‍ഹി പോലീസ് പറയുന്നു. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട അതൃപ്തി പ്രകടിപ്പിക്കാന്‍ ഏതറ്റം വരെയും പോകാന്‍ സമരാനുകൂലികളോട് ഇവര്‍ ആവശ്യപ്പെട്ടുവെന്നാണ് കുറ്റപത്രം പറയുന്നത്. പൗരത്വ ഭേദഗതി നിയമവും പൗരത്വ നിയമവും മുസ്ലിം വിരുദ്ധമാണെന്ന് പ്രചരിപ്പിക്കുകയും അതുവഴി ഇന്ത്യന്‍ സര്‍ക്കാറില്‍ അവമതിപ്പുണ്ടാക്കാനുമുള്ള ശ്രമമുണ്ടായതായും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, അധ്യാപകനും സന്നദ്ധ പ്രവര്‍ത്തകനുമായ അപൂര്‍വാനന്ദ് തുടങ്ങി ഒമ്പതു പേരാണ് ഡല്‍ഹി കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളിയായെന്ന് പരാമര്‍ശിക്കുന്ന കുറ്റപത്രത്തിലുള്ളത്.