സിറം ഇന്‍സ്റ്റിറ്റ്യൂട്ടും കൊവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിക്കും

Posted on: September 12, 2020 10:33 pm | Last updated: September 13, 2020 at 8:23 am

ന്യൂഡല്‍ഹി | കൊവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിക്കാന്‍ സന്നദ്ധമാണെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ (എസ് ഐ ഐ) അറിയിച്ചു. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി ജി സി ഐ)യുടെ അനുമതി ലഭിച്ചാലുടന്‍ പരീക്ഷണം പുനരാരംഭിക്കും. ഓക്‌സ്‌ഫോഡ് വാക്‌സിന്‍ പരീക്ഷണം ബ്രിട്ടനില്‍ പുനരാരംഭിക്കാന്‍ അനുമതി ലഭിച്ച പശ്ചാത്തലത്തിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

കൊവിഷീല്‍ഡ് വാക്‌സിന്‍ എന്ന പേരിലാണ് ഓക്‌സ്‌ഫോഡ് വാക്‌സിന്‍ ഇന്ത്യയില്‍ സിറം വികസിപ്പിക്കുന്നത്. ഇതിന്റെ രണ്ടും മൂന്നും ഘട്ടത്തിലേക്ക് സന്നദ്ധപ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യുന്നത് സിറം ഇന്‍സ്റ്റിറ്റിയൂട്ട് താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

വാക്‌സിന്‍ പരീക്ഷണത്തിന് വിധേയനായയാള്‍ക്ക് രോഗം വന്നതിനെ തുടര്‍ന്നാണ് ബ്രിട്ടനിൽ പരീക്ഷണം നിര്‍ത്തിവെച്ചത്. മരുന്ന് കമ്പനിയായ ആസ്ട്രസെനിക്കയും ഓക്‌സ്‌ഫോഡ് യൂനിവേഴ്‌സിറ്റിയും സംയുക്തമായാണ് വാക്‌സിന്‍ വികസിപ്പിച്ചത്. എ ഇസഡ് ഡി 1222 അഥവ, ആസ്ട്രസെനിക്ക ഓക്‌സ്‌ഫോഡ് കൊറോണവൈറസ് വാക്‌സിന്‍ എന്നാണ് ഇതിന്റെ പേര്. മെഡിസിന്‍ ഹെല്‍ത്ത് റഗുലേറ്ററി അതോറിറ്റി (എം എച്ച് ആര്‍ എ) ആണ് പരീക്ഷണം തുടരാന്‍ അനുമതി നല്‍കിയത്. വാക്‌സിന്‍ സുരക്ഷിതമാണെന്ന് എം എച്ച് ആര്‍ എ സാക്ഷ്യപ്പെടുത്തി.

കഴിഞ്ഞ ബുധനാഴ്ചയാണ് പരീക്ഷണം സ്വയംമേവ നിര്‍ത്തിവെക്കുന്നതായി ആസ്ട്രസെനിക്ക പ്രഖ്യാപിച്ചത്.

ALSO READ  73 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ സൗജന്യ കൊവിഡ് വാക്‌സിന്‍; സത്യാവസ്ഥയറിയാം