പെരിങ്ങല്‍കുത്ത് ഡാം തുറന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

Posted on: September 12, 2020 8:35 pm | Last updated: September 13, 2020 at 8:11 am

തൃശൂര്‍/ പത്തനംതിട്ട അനിയന്ത്രിതമായി ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍കുത്ത് ഡാം തുറന്നു. നേരത്തെ നല്‍കിയ ജാഗ്രതാ നിര്‍ദേശത്തിന് പിന്നാലെയാണ് ഡാം തുറന്നത്. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. പുഴയില്‍ മത്സ്യ ബന്ധനത്തിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാല്‍ മൂഴിയാര്‍ അണക്കെട്ടും തുറന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. വൈകിട്ട് 6.20ന് ജലനിരപ്പ് 190 മീറ്ററാണ്. ശക്തമായ മഴ തുടരുകയാണെങ്കില്‍ രാത്രി എട്ടോടു കൂടി ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 192.63 മീറ്ററില്‍ എത്താന്‍ സാധ്യതയുണ്ട്. ഓറഞ്ച് പുസ്തകം രണ്ടാം പതിപ്പ് പ്രകാരം രാത്രി കാലങ്ങളിലും ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിച്ച് പെട്ടെന്ന് ജലം ഒഴുക്കി വിടേണ്ടി വന്നേക്കാവുന്ന ചെറിയ അണക്കെട്ടുകളില്‍ ഉള്‍പ്പെട്ടതാണ് മൂഴിയാര്‍ ഡാം. മഴ തുടരുകയും കക്കാട് ജല വൈദ്യുത നിലയത്തിലെ വൈദ്യുതോല്‍പാദനം കൊണ്ട് ജലനിരപ്പ് ക്രമീകരിക്കാന്‍ കഴിയാതെ വരികയും ചെയ്താല്‍ പരമാവധി ജലനിരപ്പായ 192.63 മീറ്റര്‍ എത്തുമ്പോള്‍ ഡാമിലെ മൂന്ന് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്താനാണ് നീക്കം. കക്കാട്ടാറിന്റെ ഇരുകരകളിലും താമസിക്കുന്നവരും ചിറ്റാര്‍, മണിയാര്‍, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ കലക്ടര്‍ പി ബി നൂഹ് അറിയിച്ചു.