Connect with us

Covid19

ഓക്‌സ്‌ഫോഡ് വാക്‌സിന്റെ പരീക്ഷണം ബ്രിട്ടനില്‍ പുനരാരംഭിച്ചു

Published

|

Last Updated

ലണ്ടന്‍ | കൊവിഡ്- 19നെതിരെ ഓക്‌സ്‌ഫോഡ് യൂനിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ വികസിപ്പിച്ച വാക്‌സിന്റെ പരീക്ഷണം പുനരാരംഭിച്ചതായി മരുന്ന് കമ്പനി ആസ്ട്രസെനിക്ക അറിയിച്ചു. ബ്രിട്ടീഷ് അധികൃതരില്‍ നിന്ന് അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് പരീക്ഷണം പുനരാരംഭിച്ചത്. വാക്‌സിന്‍ പരീക്ഷണത്തിന് വിധേയനായയാള്‍ക്ക് രോഗം വന്നതിനെ തുടര്‍ന്നാണ് പരീക്ഷണം നിര്‍ത്തിവെച്ചത്.

എ ഇസഡ് ഡി 1222 അഥവ ആസ്ട്രസെനിക്ക ഓക്‌സ്‌ഫോഡ് കൊറോണവൈറസ് വാക്‌സിന്‍ എന്നാണ് ഇതിന്റെ പേര്. മെഡിസിന്‍ ഹെല്‍ത്ത് റഗുലേറ്ററി അതോറിറ്റി (എം എച്ച് ആര്‍ എ) ആണ് പരീക്ഷണം തുടരാന്‍ അനുമതി നല്‍കിയത്. വാക്‌സിന്‍ സുരക്ഷിതമാണെന്ന് എം എച്ച് ആര്‍ എ സാക്ഷ്യപ്പെടുത്തി.

കഴിഞ്ഞ ബുധനാഴ്ചയാണ് പരീക്ഷണം സ്വയംമേവ നിര്‍ത്തിവെക്കുന്നതായി ആസ്ട്രസെനിക്ക പ്രഖ്യാപിച്ചത്. തുടര്‍ന്ന് വാക്‌സിന്റെ സുരക്ഷ വിശകലനം ചെയ്യുന്നതിന് സ്വതന്ത്ര സമിതിയെ നിയമിച്ചിരുന്നു. ഇതൊരു സാധാരണ നടപടിയാണെന്നാണ് കമ്പനിയും ലോകാരോഗ്യ സംഘടനയും വിശദീകരിച്ചിരുന്നു. തങ്ങളുടെ അന്വേഷണത്തില്‍ വാക്‌സിന്‍ സുരക്ഷിതമാണെന്നും മറ്റ് നടപടിക്രമങ്ങള്‍ തുടരാമെന്നും സമിതി എം എച്ച് ആര്‍ എക്ക് ശിപാര്‍ശ നല്‍കുകയായിരുന്നു.

Latest