Connect with us

National

ഒഴിവ് വരുന്ന എന്‍ ആര്‍ ഐ സീറ്റുകള്‍ ജനറല്‍ സീറ്റാക്കരുത്: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഒഴിവ് വരുന്ന എന്‍ ആര്‍ ഐ സീറ്റുകള്‍ ജനറല്‍ സീറ്റുകളാക്കരുതെന്ന് സുപ്രീം കോടതി. എന്‍ ആര്‍ ഐ സീറ്റുകള്‍ ഒഴിച്ചിടുകയോ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റുകയോ ചെയ്യരുതെന്നും കോടതി ഉത്തരവിട്ടു. ഈ സീറ്റുകളിലേക്ക് വിദ്യാര്‍ഥികളെ ലഭിക്കുന്നില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള എന്‍ ആര്‍ ഐ വിദ്യാര്‍ഥികളെ പരിഗണിക്കാം. സ്വകാര്യ മാനേജ്മെന്റുകള്‍ നല്‍കിയ ഹരജി പരിഗണിച്ച് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ദെ അധ്യക്ഷനായ ബഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞവര്‍ഷം പുറപ്പെടുവിച്ച ഇടക്കാല വിധി ഈ വര്‍ഷത്തേക്ക് കൂടി നീട്ടി. അന്തിമ വാദത്തിനായി കേസ് അടുത്തമാസം 13ലേക്ക് മാറ്റി.

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 15 ശതമാനം സീറ്റുകളാണ് എന്‍ ആര്‍ ഐ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കായി മാറ്റിവച്ചത്. പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ ബേങ്ക് ഗ്യാരന്റി നല്‍കേണ്ടതില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ബേങ്ക് ഗ്യാരന്റി ചോദ്യം ചെയ്തുള്ള ഹരജികളില്‍ കോടതിയുടെ അന്തിമ തീര്‍പ്പ് മാനേജ്മെന്റുകള്‍ക്ക് അനുകൂലമാണെങ്കില്‍ ഗ്യാരന്റി നല്‍കേണ്ടി വരുമെന്ന് വിദ്യാഥികളെ സംസ്ഥാന സര്‍ക്കാര്‍ അറിയിക്കേണ്ടതെന്നും ബഞ്ച് വ്യക്തമാക്കി. എന്നാല്‍, കോടതി അന്തിമ തീരുമാനമെടുക്കുന്നത് വരെ ഗ്യാരന്റി നല്‍കേണ്ടി വരില്ല. സംസ്ഥാന സര്‍ക്കാറിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ജി പ്രകാശ് എന്നിവര്‍ ഹാജരായി.

Latest