കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല: എസ് വൈ എസ് കുടുംബ സമരത്തില്‍ പങ്ക് ചേര്‍ന്ന് ആയിരങ്ങള്‍

Posted on: September 11, 2020 10:18 pm | Last updated: September 11, 2020 at 10:20 pm

മലപ്പുറം | കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല എന്ന ശീര്‍ഷകത്തില്‍ എസ്.വൈ.എസ് സംഘടിപ്പിച്ച കുടുബ സമരത്തില്‍ ജില്ലയില്‍ പതിനായിരങ്ങള്‍ പങ്കാളികളായി. എസ്.വൈ.എസ് പ്രവര്‍ത്തകരുടെ വീട്ടുപടിക്കലാണ് വെള്ളിയാഴ്ച സമര പരിപാടികള്‍ സംഘടിപ്പിച്ചത്. ബോധവല്‍ക്കരണം, മുദ്രാവാക്യം, പ്ലക്കാര്‍ഡ് പ്രദര്‍ശനം എന്നിവയായിരുന്നു സമര പരിപാടികള്‍.

കുടുംബ സമരത്തിന്റെ ജില്ലാ തല ഉദ്ഘാടനം എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ഇ.കെ മുഹമ്മദ് കോയ സഖാഫി ഉദ്ഘാടനം ചെയ്തു. ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി ജമാല്‍ കരുളായി, മുഈനുദ്ധീന്‍ സഖാഫി വെട്ടത്തൂര്‍, എ.പി ബഷീര്‍ ചെല്ലക്കൊടി, വി.പി.എം ഇസ്ഹാഖ്, ഉമര്‍ മുസ്്‌ലിയാര്‍ നിലമ്പൂര്‍ എന്നിവര്‍ സംബന്ധിച്ചു.

മലബാറിന്റെ വികസന കുതിപ്പിന് ആക്കം കൂട്ടിയ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് തടയിടാനും, നിഷ്പ്രഭമാക്കാനുമുള്ള നീക്കങ്ങള്‍ പലപ്പോഴായി നടന്നു വരികയാണ്. 2015 ല്‍ റണ്‍വേ വികസനത്തിന്റെ പേരില്‍ വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി നിഷേധിക്കുകയും ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് എടുത്തുകളയുകയുമുണ്ടായി. എസ് വൈ എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അതിന് ശേഷമാണ് ഇവയെല്ലാം പുന:സ്ഥാപിച്ചത്.

കഴിഞ്ഞ ആഗസ്റ്റ് 7നുണ്ടായ വിമാനാപകടത്തിന്റെ മറവില്‍ വീണ്ടും വിമാനത്താവളത്തിനെതിരെയുള്ള നീക്കങ്ങള്‍ ശക്തമായിരിക്കുകയാണ്. ആശങ്കാജനകമായ ഈ സാഹചര്യത്തിലാണ് എസ് വൈ എസ് സമരവുമായി രംഗത്തുവന്നിട്ടുള്ളത്. ഇതന്റെ ഭാഗമായാണ് എസ്.വൈ.എസ് കുടുംബ സമരം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിമാനത്താവളത്തെ കൂടുതലായി ആശ്രയിക്കുന്ന മലബാര്‍ ജില്ലകളിലെ പ്രവര്‍ത്തകരും പ്രവാസി കുടുംബങ്ങളും സമരത്തില്‍ പങ്കാളികളാകും.

ഫോട്ടോ: കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല എന്ന ശീര്‍ഷകത്തില്‍ എസ്.വൈ.എസ് സംഘടിപ്പിച്ച കുടുബ സമരം എസ്.വൈ.എസ് ജില്ലാ ഭാരവാഹികള്‍ ഉദ്ഘാടനം ചെയ്യുന്നു.