പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: ജീവനക്കാരെ ജില്ലാ പോലീസ് മേധാവി ചോദ്യം ചെയ്തു

Posted on: September 11, 2020 9:47 pm | Last updated: September 11, 2020 at 10:54 pm

പത്തനംതിട്ട | പോപ്പുലര്‍ ഫിനാന്‍സിന്റെ വകയാറുള്ള ആസ്ഥാനത്തെ ജീവനക്കാരില്‍ ചിലരെ ജില്ലാ പോലീസ് ആസ്ഥാനത്തു ചോദ്യം ചെയ്തതായി ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു. അക്കൗണ്ട്സ് മാനേജര്‍, ട്രഷറി മാനേജര്‍, ഐ ടി മാനേജര്‍, അക്കൗണ്ടന്റ്, ഓഡിറ്റര്‍ ഇന്‍സ്‌പെക്ടര്‍ എന്നിവരെയാണ് പോലീസ് മേധാവി നേരിട്ട് ചോദ്യം ചെയ്തത്. ഫിനാന്‍സ് സ്ഥാപനത്തിന്റെ കീഴിലുള്ള വിവിധ ശാഖകളിലും മറ്റും വന്ന നിക്ഷേപങ്ങളും പുറത്തേക്കു പോയ തുകകളും സംബന്ധിച്ച എല്ലാ വിവരങ്ങളും പരിശോധിച്ചുവരികയാണ്. ജില്ലാ സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥര്‍ കണക്കുകള്‍ വിശകലനം ചെയ്തുവരുന്നതായും ചോദ്യംചെയ്യലില്‍ വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചതായും കെ ജി സൈമണ്‍ അറിയിച്ചു.
പരിശോധനകള്‍ തുടരുകയാണ്.

നിക്ഷേപകരുടെ പണം വിവിധ പേരുകളില്‍ രജിസ്റ്റര്‍ ചെയ്ത മറ്റു സ്ഥാപനങ്ങളിലേക്ക് വകമാറ്റിയതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ഉപകരിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇലക്ട്രോണിക് രേഖകള്‍ വിശകലനം ചെയ്യുന്നത്. അതിനിടെ, പ്രതികളുടെ പേരില്‍ തമിഴ്നാട്ടില്‍ ഉണ്ടെന്നു പറയപ്പെടുന്ന വസ്തുവകകളെപ്പറ്റി വിശദമായി അന്വേഷിക്കുന്നതിന് കോന്നി എസ്ഐ. കിരണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അങ്ങോട്ടേക്ക് തിരിച്ചു.
പ്രതികളുമായി രണ്ടു ടീമുകളായി തിരിഞ്ഞുള്ള പോലീസ് തെളിവെടുപ്പ് പുരോഗമിക്കുകയാണ്. കോന്നി പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള ചെന്നൈയിലെ തെളിവെടുപ്പ് ഏറെക്കുറെ പൂര്‍ത്തിയായി. ഇനി ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലേക്ക് സംഘം പ്രതികളുമായി തെളിവെടുപ്പിന് നീങ്ങുകയാണ്. അടൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആസ്‌ത്രേലിയ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ കമ്പനി മാറ്റിയ അക്കൗണ്ടുകളെപ്പറ്റിയും അവിടങ്ങളിലെ സഹായികളെപ്പറ്റിയും അന്വേഷണവും രേഖകളുടെ പരിശോധനയും തുടരുകയാണ്.

നിക്ഷേപകരുടെ തുകകള്‍ ഇതര കമ്പനികളുടെ പേരില്‍ വകമാറ്റിയതിനെ സംബന്ധിച്ചും വിവരം ലഭിച്ചതായി ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. തെളിവെടുപ്പുകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പ്രതികളെ ഒരുമിച്ച് ഐ ജി ചോദ്യം ചെയ്യുമെന്നും അതിനുശേഷം മാത്രമേ തിരികെ കോടതിയില്‍ ഹാജരാക്കുകയുള്ളൂവെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ഇതിനിടെ തട്ടിപ്പുകളുടെ മുഖ്യ സൂത്രധാരന്‍ സ്ഥാപന ഡയറക്ടര്‍മാരുടെ കുടുംബ സുഹൃത്തായ തൃശൂര്‍ സ്വദേശിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. വ്യാജ അക്കൗണ്ടുകളില്‍ നിക്ഷേപം സമാഹരിക്കാനും തട്ടിപ്പ് നടത്താനും ഇയാളാണ് ഡയറക്ടര്‍മാരെ പ്രേരിപ്പിച്ചതെന്ന നിര്‍ണായക വിവരമാണ് പോലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കണ്ടെത്താനും തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് കൊണ്ടുവരാനും അന്വേഷണ സംഘം ശ്രമം തുടങ്ങി. ഇയാള്‍ക്കെതിരായ തെളിവുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലെ അന്വേഷണം പൂര്‍ത്തിയായാല്‍ ഇയാളെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

പോലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടിയ പോപ്പുലര്‍ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ഡയറക്ടര്‍മാരായ പ്രഭാ തോമസ്, മക്കളായ റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവരെ തിരുവനന്തപുരത്തെ വിവിധ ബേങ്കുകളുടെ ശാഖകളിലെത്തിച്ച് തെളിവെടുത്തു. പോപ്പുലര്‍ ഫിനാന്‍സിലെ ഡ്രൈവര്‍മാരുടെ പേരിലടക്കം ഇവര്‍ സ്വര്‍ണം പണയം വച്ചതായി കണ്ടെത്തി. ഈ പണയ അക്കൗണ്ടുകള്‍ കണ്ടെത്താനും പണയ സ്വര്‍ണം കസ്റ്റഡിയിലെടുക്കാനും പോലീസ് ശ്രമം തുടങ്ങി. തുടര്‍ന്ന് റിനു, റിയ എന്നിവരുമായി അന്വേഷണ സംഘം എറണാകുളത്തും തെളിവെടുപ്പ് നടത്തി. ഇവര്‍ക്ക് എറണാകുളത്ത് ഫ്‌ളാറ്റുകള്‍, വില്ലകള്‍, ലോഡ്ജുകള്‍ എന്നിവയുള്ളതായി അന്വേഷണത്തില്‍ വ്യക്തമായി. ഇന്‍സ്പെക്ടര്‍ ബൈജുവിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഉടമകളുടെ പേരിലുള്ള ഒരുഡസനോളം ആഡംബര വാഹനങ്ങളും പോലീസ് കണ്ടെത്തി.

ശിക്ഷാ നിയമം 420 പ്രകാരമുള്ള കേസായതിനാല്‍ രണ്ട് മാസത്തിനകം കുറ്റംപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കോടതി പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം അനുവദിക്കാന്‍ സാധ്യതയുണ്ട്. അതിനു മുമ്പ് ഒരു കേസിലെങ്കിലും കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. നിക്ഷേപകരുടെ തുകകള്‍ ഇതര കമ്പനികളുടെ പേരില്‍ വകമാറ്റിയതിനെ സംബന്ധിച്ചും വിവരം ലഭിച്ചതായി ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. തെളിവെടുപ്പുകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പ്രതികളെ ഒരുമിച്ച് പ്രത്യേക അന്വേഷണ സംഘ മേല്‍നോട്ട ചുമതലയുള്ള ഐ ജി. ഹര്‍ഷിത അട്ടല്ലൂരി ചോദ്യം ചെയ്യുമെന്നും അതിനുശേഷം മാത്രമേ പ്രതികളെ തിരികെ കോടതിയില്‍ ഹാജരാക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഈ ഞായറാഴ്ചയാണ് പ്രതികളുടെ ഏഴു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.

2000 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ ശേഷം വിദേശത്തേക്ക് കടക്കാനായിരുന്നു പ്രതികളുടെ പദ്ധതി. 2014 മുതല്‍ സ്ഥാപനം നഷ്ടത്തിലാണ്. ഇത് മറച്ചുവച്ചാണ് ബ്രാഞ്ചുകള്‍ തുടങ്ങി നിക്ഷേപങ്ങള്‍ സ്വീകരിച്ചത്. ഇവിടെ ജോലിയുണ്ടായിരുന്ന ചില റിട്ട. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാപനം പൊളിയുമെന്ന് നേരത്തേ സൂചന നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കുമ്പോഴും നിക്ഷേപം എങ്ങനെ തിരിച്ചുകിട്ടുമെന്നറിയാതെ അങ്കലാപ്പിലാണ് നിക്ഷേപകര്‍.