ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച  യുവാവിന്റെ കൈ വെട്ടിമാറ്റിയ നിലയിൽ

Posted on: September 11, 2020 6:26 pm | Last updated: September 11, 2020 at 7:12 pm

ചണ്ഡിഗഢ് | ഏഴ് വയസ്സുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലെ പ്രതിയെ കൈ വെട്ടിമാറ്റിയ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹരിയാനയിലെ പാനിപത്തിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശി ഇഖ്‌ലാഖ് എന്ന 28കാരന്റെ വലതുകൈയാണ് അറ്റുപോയത്. കുട്ടിയെ ബന്ധുക്കൾ രക്ഷപെടുത്തുന്നതിനിടയിൽ യുവാവ് സ്വന്തം കൈ അറുത്ത് ഓടി രക്ഷപ്പെടുകയായിരുന്നെന്നാണ് പോലീസ് ഭാഷ്യം. അതേസമയം സംഭവം റെയിൽവേ പാളത്തിനടുത്തെ അപകടമാക്കി എഴുതിത്തള്ളാൻ പോലീസ് ശ്രമിച്ചെന്നും ഇഖ്‌ലാക്ക് മുസ്ലീമായതിനാൽ ഒരു സംഘം ആക്രമിച്ചതാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ ഇതിന് ദൃക്‌സാക്ഷികളില്ലെന്നാണ് അധികൃതർ പറയുന്നത്.

റെയിൽവേ പാളത്തിന് സമീപമുള്ള വീട്ടിൽ ഉറങ്ങുകയായിരുന്ന ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ആദ്യ പരാതി. കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടയിൽ യുവാവിനെ പിടികൂടിയെന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇയാൾ സ്വയം കൈയറുത്തെന്നും കുട്ടിയുടെ കുടുംബം പറയുന്നു. കേസിൽ രണ്ട് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇഖ്‌ലാക്കിന്റെ സഹോദരനാണ് മറ്റൊരു പരാതി നൽകിയിരിക്കുന്നത്. ജോലി അന്വേഷിച്ച് വീട്ടിൽ നിന്നിറങ്ങിയ യുവാവിനെ ഒരു സംഘം ആക്രമിക്കുകയായിരുന്നെന്നും മുസ്ലീമായതിനാൽ ആളുകൾ ആക്രമിച്ചെന്നും കൈ വെട്ടിമാറ്റിയെന്നുമാണ് രണ്ടാമത്തെ പരാതിയിലൂള്ളത്. ഇഖ്‌ലാക്കിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു.