Connect with us

Kerala

സംസ്ഥാനത്ത് കൗമാര ആത്മഹത്യ വർധിക്കുന്നെന്ന് പഠന റിപ്പോർട്ട്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൗമാരക്കാരിൽ ആത്മഹത്യാ പ്രവണത വർധിച്ചുവരുവെന്ന് സർവേ റിപ്പോർട്ട്. കുട്ടികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന സംഘടനയായ ദിശ നടത്തിയ പഠനത്തിലാണ് സംസ്ഥാനത്ത് കുട്ടികളിൽ വർധിച്ചുവരുന്ന ആത്മഹത്യാ പ്രവണതയുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. കൗമാരക്കാരുടെ ആത്മഹത്യയിൽ മലപ്പുറം, തിരുവനന്തപുരം ജില്ലകളാണ് ഏറ്റവും മുന്നിൽ നിൽക്കുന്നതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

കഴിഞ്ഞ ആറ് മാസത്തിനിടെ 140 കൗമാരക്കാർ ആത്മഹത്യ ചെയ്തതായാണ് കണ്ടെത്തൽ. ഇവരിൽ ഏറെയും 13നും 18നും ഇടയിൽ പ്രായമുള്ളവരാണ്. കുടുംബ വഴക്ക്, പ്രണയ നൈരാശ്യം, പരീക്ഷയിലെ തോൽവി തുടങ്ങിയ വിവിധ കാരണങ്ങളാലാണ് കൂടുതൽ കുട്ടികളും ആത്മഹത്യയിൽ അഭയം തേടുന്നത്.
ജനുവരി മുതൽ ജൂലൈ വരെയുള്ള കണക്കുകളിൽ മലപ്പുറത്ത് 20 കുട്ടികളും തിരുവനന്തപുരത്ത് 16 കുട്ടികളും പാലക്കാട് 11 പേരും ആത്മഹത്യ ചെയ്തിട്ടുണ്ട്. തൃശൂരിൽ നഗര പരിധിയിൽ പത്തും നഗരത്തിന് പുറത്തുള്ള സ്ഥലത്ത് ഏഴ് പേരും ആത്മഹത്യ ചെയ്തിട്ടുണ്ട്. കുട്ടികളുടെ പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിക്കാൻ കഴിയുന്ന കൗൺസിലർ സ്‌കൂളിൽ ഉണ്ടെങ്കിൽ കുട്ടികളുടെ ആത്മഹത്യാ പ്രവണത ഒരു പരിധി വരെ ഇല്ലാതാക്കാൻ കഴിയുമെന്നാണ് ദിശയുടെ പഠനം. അതേസമയം കുട്ടികളുടെ സംരക്ഷണത്തിനുള്ള സർക്കാർ സംവിധാനങ്ങൾ സമയത്ത് ഇടപെടുകയോ പ്രശ്‌നങ്ങൾ പരിഹരിക്കുകയോ ചെയ്യുന്നില്ലെന്നും ദിശ നടത്തിയ പഠനത്തിൽ കണ്ടെത്തി.

എന്നാൽ, കുട്ടികളിലെ ആത്മഹത്യാ പ്രവണത വർധിക്കുന്ന സാഹചര്യത്തിൽ “കുരുന്നുകൾക്ക് കരുതൽ” എന്ന പേരിൽ സംസ്ഥാനതല ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി കുട്ടികളുടെ മാനസിക–ആരോഗ്യ–വിദ്യാഭ്യാസ വിഷയങ്ങൾ മുൻനിർത്തി വെബിനാർ ഉൾപ്പെടെ സംഘടിപ്പിച്ചു വരികയാണ്. ഇതിന് പുറമെ കുട്ടികൾക്ക് കരുത്തേകാൻ വിദ്യാഭ്യാസ പ്രവർത്തകർ, മാനസിക–ആരോഗ്യ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ഓൺലൈൻ ക്യാമ്പയിനും നടത്തുന്നുണ്ട്.

Latest