തിരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കുന്നതല്ലേ ഉചിതം?

തിരഞ്ഞെടുപ്പിനേക്കാള്‍ ജനങ്ങള്‍ക്കിപ്പോള്‍ പ്രധാനം രോഗപ്രതിരോധമാണ്. മഹാമാരിയില്‍ നിന്നുള്ള മോചനമാണ്. സര്‍ക്കാറും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുന്‍ഗണന നല്‍കേണ്ടതും ഇതിനു തന്നെ. തിരഞ്ഞെടുപ്പ് ചിന്തയും രാഷ്ട്രീയ ലാഭ നഷ്ടങ്ങളെക്കുറിച്ചുള്ള കണക്കുകൂട്ടലും തത്കാലം മാറ്റിവെക്കാം.
Posted on: September 11, 2020 4:30 am | Last updated: September 11, 2020 at 1:01 am

ട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഉപതിരഞ്ഞെടുപ്പ് വേണോ എന്നതില്‍ സര്‍ക്കാറും പ്രതിപക്ഷവും ഭിന്നതയിലാണ്. ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടത്തിയാല്‍ വിജയിക്കുന്ന സാമാജികര്‍ക്ക് പരമാവധി അഞ്ച് മാസത്തെ പ്രവര്‍ത്തന കാലാവധിയേ ഉണ്ടാകുകയുള്ളൂ. ഏപ്രില്‍ ആകുമ്പോഴേക്കും നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതോടെ പ്രവര്‍ത്തന കാലാവധി അവസാനിക്കും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ 12 കോടിയിലധികം രൂപ ചെലവ് വരുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക കണക്ക്. ഇതിനൊപ്പം സംസ്ഥാനത്ത് കൊവിഡ് വ്യാപനം പൂര്‍വോപരി ശക്തമാകുകയുമാണ്. ഇതൊക്കെയാണ് ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നതിന് സര്‍ക്കാര്‍ മുന്‍വെക്കുന്ന കാരണങ്ങള്‍. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും ഉപതിരഞ്ഞെടുപ്പ് ആവശ്യമില്ലെന്ന പക്ഷക്കാരനാണ്.

ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതിനോട് പ്രതിപക്ഷത്തിന് വിയോജിപ്പില്ല. എങ്കിലും ഒരു നിബന്ധനയുണ്ട്; തദ്ദേശ തിരഞ്ഞെടുപ്പും മാറ്റിവെക്കണം. കൊവിഡ് വ്യാപന പശ്ചാത്തലം ഉപതിരഞ്ഞെടുപ്പിന് മാത്രമല്ല, തദ്ദേശ തിരഞ്ഞെടുപ്പിനും ബാധകമാണല്ലോ. തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ ഉപതിരഞ്ഞെടുപ്പുകളും നടത്തണം. ഉപതിരഞ്ഞെടുപ്പ് മാത്രമായി മാറ്റിവെക്കുന്നതിനോട് അവര്‍ക്ക് യോജിപ്പില്ല. കൃത്യമായ കാരണങ്ങളില്ലാതെ ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതിനോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും വിയോജിപ്പാണ്. തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളുടെ പ്രവര്‍ത്തന കാലാവധി അഞ്ച് മാസം മാത്രമായിരിക്കുമെന്നത് തിരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ മതിയായ കാരണമല്ലെന്നാണ് കമ്മീഷന്‍ പറയുന്നത്. നിയമസഭാ സീറ്റ് ഒഴിവു വന്നതു മുതല്‍ പ്രവര്‍ത്തനത്തിന് ഒരു കൊല്ലത്തെ കാലാവധിയുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അത് പാലിക്കേണ്ടത് കമ്മീഷന്റെ ബാധ്യതയാണ്. എങ്കിലും എല്ലാ പാര്‍ട്ടികളും ഇപ്പോള്‍ വേണ്ടെന്നു പറയുകയാണെങ്കില്‍ അത് പരിഗണിക്കും. സംസ്ഥാന സര്‍ക്കാര്‍ മാത്രം ആവശ്യപ്പെട്ടാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാനാകില്ല. അതേസമയം, കൊവിഡ് വ്യാപനം, മഴ എന്നിവ പരിഗണിക്കാവുന്ന കാരണങ്ങളാണെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു.

തോമസ് ചാണ്ടി, വിജയന്‍പിള്ള എന്നിവരുടെ മരണത്തെ തുടര്‍ന്നാണ് കുട്ടനാട്ടിലും ചവറയിലും ഒഴിവു വന്നത്. ഈ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്, നവംബറില്‍ നടക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പിനൊപ്പം നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. സ്ഥാനാര്‍ഥി പ്രഖ്യാപനമുള്‍പ്പെടെ രാഷ്ട്രീയ കക്ഷികള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കെയാണ് ഉപതിരഞ്ഞെടുപ്പുകളുടെ ഫലപ്രാപ്തിയില്ലായ്മയെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിച്ചത്. എങ്കിലും സര്‍ക്കാര്‍ മുന്‍വെക്കുന്ന കാരണങ്ങള്‍ തികച്ചും പ്രസക്തമാണ്. സംസ്ഥാനത്തിന്റെ പൊതു ഖജനാവില്‍ നിന്ന് 12 കോടി ചെലവിട്ട് തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ നാടിനോ നാട്ടുകാര്‍ക്കോ എന്തെങ്കിലും നേട്ടമുണ്ടാകണം. തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് അഞ്ച് മാസത്തെ കാലാവധിക്കിടയില്‍ കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും കാഴ്ചവെക്കാനാകില്ല. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും.

മാത്രമല്ല, സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ പൂര്‍വോപരി വര്‍ധിച്ചു വരികയാണ്. മെയ് മാസത്തിന്റെ തുടക്കത്തില്‍ ദിവസങ്ങളോളം ഒറ്റ കേസും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത വിധം രോഗം നിയന്ത്രിതമായ സാഹചര്യത്തില്‍ നിന്ന് ഇപ്പോള്‍ ഒറ്റ ദിവസം തന്നെ 3,000ത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഭീതിദമായ സ്ഥിതിവിശേഷമാണ് സംസ്ഥനത്ത് നിലവിലുള്ളത്. ഇന്നലെ മാത്രം 3,349 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മൊത്തം മരണസംഖ്യ നാനൂറിനോടടുക്കുകയും ചെയ്തു. 1,84,128 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റൈനിലും 20,248 പേര്‍ ആശുപത്രിയിലുമായി സംസ്ഥാനത്ത് നിലവില്‍ 2,04,376 പേര്‍ നിരീക്ഷണത്തിലുമാണ്. സെപ്തംബര്‍- ഒക്‌ടോബര്‍ മാസങ്ങളില്‍ സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതുമാണ്. സെപ്തംബര്‍ ആദ്യ വാരത്തിലാണ് നിലവില്‍ സംസ്ഥാനത്തുള്ള 25,000ത്തോളം രോഗികളില്‍ 12,456 പേര്‍ക്കും വൈറസ് ബാധയുണ്ടായതെന്ന കാര്യവും ശ്രദ്ധേയമാണ്. 90 ശതമാനത്തിലേറെയും സമ്പര്‍ക്കത്തിലൂടെയായിരുന്നു വ്യാപനം. ഇക്കാലയളവില്‍ 53 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഓണാഘോഷ വേളയില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ വരുത്തിയതിനെ തുടര്‍ന്ന് സാമൂഹിക അകല പാലനത്തില്‍ വന്ന വീഴ്ചകള്‍ രോഗ വ്യാപനത്തിലുണ്ടാക്കുന്ന പ്രതിഫലനം അടുത്ത നാളുകളില്‍ കാണാനിരിക്കുന്നതേയുള്ളൂ. ഇത് രോഗപ്പകര്‍ച്ച രൂക്ഷമാക്കിയേക്കാമെന്ന് മുഖ്യമന്ത്രി തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഇത്തരം സാഹചര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍ തിരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കുന്നതല്ലേ ഉചിതം? അധികൃതര്‍ കൊവിഡ് പ്രോട്ടോകോള്‍ എത്ര തന്നെ കര്‍ശനമാക്കിയാലും പ്രചാരണ ഘട്ടങ്ങളിലും തിരഞ്ഞെടുപ്പ് വേളയിലും അത് വേണ്ടത്ര പാലിക്കപ്പെടണമെന്നില്ല. ഇത് രോഗബാധ പിന്നെയും ശക്തമാകാന്‍ വഴിവെച്ചേക്കും. തിരഞ്ഞെടുപ്പിനേക്കാള്‍ ജനങ്ങള്‍ക്കിപ്പോള്‍ പ്രധാനം രോഗപ്രതിരോധമാണ്. മഹാമാരിയില്‍ നിന്നുള്ള മോചനമാണ്. സര്‍ക്കാറും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുന്‍ഗണന നല്‍കേണ്ടതും ഇതിനു തന്നെ. തിരഞ്ഞെടുപ്പ് ചിന്തയും രാഷ്ട്രീയ ലാഭ നഷ്ടങ്ങളെക്കുറിച്ചുള്ള കണക്കുകൂട്ടലും തത്കാലം മാറ്റിവെക്കാം. തദ്ദേശ തിരഞ്ഞെടുപ്പുകള്‍ മാറ്റിവെച്ചാല്‍ ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതിനോട് യോജിക്കാമെന്ന് പ്രതിപക്ഷം സമ്മതിച്ച സാഹചര്യത്തില്‍ സര്‍ക്കാറും അത്തരമൊരു നിലപാടിലേക്കിറങ്ങേണ്ടതുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും യോജിപ്പ് രേഖപ്പെടുത്തിയെങ്കില്‍ മാത്രമേ സര്‍ക്കാറിന്റെ ആവശ്യം അംഗീകരിക്കാനാകുകയുള്ളൂവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കെ ഇന്ന് നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ വിട്ടുവീഴ്ചാ മനോഭാവം പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു.

ALSO READ  വെള്ളിത്തിരക്ക് പിന്നിലെ ലഹരിത്തിര