തട്ടിപ്പുകാരനായ ഖമറുദ്ദീനെ ലീഗ് സംസ്ഥാന നേതൃത്വം സംരക്ഷിക്കുന്നു: സി പി എം

Posted on: September 10, 2020 8:03 pm | Last updated: September 11, 2020 at 7:59 am

തിരുവനന്തപുരം | മഞ്ചേശ്വരം എം എല്‍ എ എം സി ഖമറൂദ്ദീന്റെ നേതൃത്വത്തില്‍ ലീഗ് നേതാക്കള്‍ നടത്തിയ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് ഞെട്ടിപ്പിക്കുന്നതാണെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇതിന്റെ മുഴുവന്‍ വിവരങ്ങളും പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നും സി പി എം ആവശ്യപ്പെട്ടു. ലീഗിന്റെ സംസ്ഥാന നേതൃത്വത്തില്‍ നിന്ന് പുറത്തുവന്ന പ്രഖ്യാപനം ഈ തട്ടിപ്പില്‍ നിന്നും ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ്. ലീഗിന്റെ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണോ തട്ടിപ്പെന്ന് സംശയമുണ്ട്.

നിക്ഷേപ തട്ടിപ്പില്‍ 33 കേസാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു എം എല്‍ എക്കെതിരെ ഇത്രയധികം കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. ഓരോ ദിവസവും നിരവധി ആളുകളാണ് പുതുതായി പരാതിയുമായി മുന്നോട്ടു വരുന്നത്. 150 കോടിയോളം രൂപയാണ് സമാഹരിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. നിക്ഷേപകരെ കമ്പളിപ്പിക്കാനായി അഞ്ച് കമ്പനികളാണ് ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാനായ ഖമറൂദ്ദീനും എം ഡിയായ പൂക്കോയതങ്ങളും രജിസ്റ്റര്‍ ചെയ്തത്.

2006ല്‍ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ ചന്തേര മാണിയാട്ട് തവക്കല്‍ കോംപ്ലക്സിലാണ് ആദ്യ കമ്പനി രജിസ്റ്റര്‍ ചെയ്തത്. പിന്നീട് 2007 ലും 2008 ലും 2012 ലും 2016 ലുമായാണ് മറ്റുകമ്പനികള്‍ രജിസ്റ്റര്‍ ചെയ്തത്. ഒരേ മേല്‍വിലാസത്തിലാണ് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തതെങ്കിലും ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനമല്ലാതെ മറ്റൊന്നും മാണിയാട്ട് ഉണ്ടായിരുന്നില്ല. ലീഗിന്റെ ഭാരവാഹികളും ലീഗുമായി അടുത്ത ബന്ധമുള്ളവരും ചേര്‍ന്ന് നടത്തുന്ന സ്ഥാപനമെന്ന് പറഞ്ഞ് ജനവിശ്വാസം ആര്‍ജ്ജിച്ചാണ് ലീഗ് അണികളായ സമ്പന്നരെയും പാവങ്ങളെയും വലയില്‍ വീഴ്ത്തിയത്.
ലീഗ് നേതാക്കളുടെ സമ്മര്‍ദ്ദം കാരണമാണ് ആദ്യം ആരും പരാതി നല്‍കാന്‍ തയ്യാറാവാതിരുന്നത്. നേതാക്കള്‍ ഉറപ്പ് പാലിക്കാത്തതിനാലാണ് നിക്ഷേപകര്‍ പോലീസില്‍ പരാതി നല്‍കിയത്.

ജ്വല്ലറി തട്ടിപ്പ് സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പരാതികള്‍ അത്യന്തം ഗൗരവമുള്ളതാണ്. വ്യക്തമായ ആസൂത്രണത്തോടെ നിക്ഷേപകരെ കബളിപ്പിക്കുകയും വഞ്ചിക്കുകയുമാണ് ചെയ്തിരിക്കുന്നത്. എം എല്‍ എ സംരക്ഷിക്കുന്ന മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിനെതിരെ ലീഗ് അണികള്‍ തന്നെ കടുത്ത രോഷം പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. തലശ്ശേരിയിലെ മര്‍ജാന്‍ ഗോള്‍ഡ് കടയില്‍ കയറി ഖമറുദ്ദീനും സംഘവും 25 കിലോ സ്വര്‍ണ്ണം കൊള്ളയടിച്ച് കൊണ്ടുപോയതായി പരാതി ഉയര്‍ന്നുവന്നിരിക്കുന്നു. കൃത്രിമ രേഖയുണ്ടാക്കി വഖഫ് ഭൂമി തട്ടിയെടുത്ത സംഭവത്തിലും ഖമറൂദ്ദീന്‍ അടക്കമുള്ള ലീഗ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന പരാതിയും ഉയര്‍ന്നു വന്നിട്ടുണ്ട്. ജനങ്ങളെ കബളിപ്പിച്ച് തട്ടിപ്പു നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നുണ്ട്. എം എല്‍ എയുടെ നേതൃത്വത്തില്‍ നടന്ന ജ്വല്ലറി തട്ടിപ്പ് സംബന്ധിച്ചും ഉയര്‍ന്നുവന്ന മറ്റ് ആക്ഷേപങ്ങളെ സംബന്ധിച്ചും വിശദമായ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും സി പി എം സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.