കാറിലെ പെട്രോൾ തീർന്നു; ദേശീയപാതയിൽ മക്കൾക്ക് മുന്നിൽ യുവതി ബലാത്സംഗത്തിനിരയായി

Posted on: September 10, 2020 6:48 pm | Last updated: September 10, 2020 at 6:48 pm

ഇസ്ലാമബാദ്| ദേശീയ പാതയിൽ മക്കൾക്ക് മുന്നിൽ യുവതി ബലാത്സംഗത്തിനിരയായി. പാക്കിസ്ഥാനിലെ ഗുജ്ജാർപുരയിലെ ലാഹോർ – സിയാൽകോട്ട് ദേശീയ പാതയിലാണ് സംഭവം. മക്കളോടൊപ്പം യാത്ര ചെയ്യവേ പെട്രോൾ തീർന്നതിനെ തുടർന്ന് കാർ നിർത്തി ഭർത്താവിനെ കാത്തിരിക്കുകയായിരുന്ന യുവതിയെയാണ് രണ്ട് പേർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തത്.

ആയുധധാരികളായ പുരുഷന്മാർ കാറിന്റെ ഗ്ലാസ് തകർക്കുകയും തോക്ക് ചൂണ്ടി യുവതിയോടും മക്കളോടും പുറത്തിറങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് സമീപത്തുള്ള വയലിൽ വെച്ച് കുട്ടികൾ നോക്കിനിൽക്കേ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. എമർജൻസി നമ്പറിലേക്ക് വിളിച്ച് സഹായം അഭ്യർഥിച്ചെങ്കിലും കാര്യമുണ്ടായില്ല. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതികൾ 44,000 രൂപ വില വരുന്ന ആഭരണങ്ങളും എ ടി എം കാർഡുകളും കവർന്നു.

സംഭവം രാജ്യത്തുടനീളം പ്രതിഷേധത്തിന് കാരണമായി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 12 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് ദേശീയ ദിനപത്രമായ ഡോൺ റിപ്പോർട്ട് ചെയ്തു.