ആര്‍ ജെ ഡിക്ക് കനത്ത തിരിച്ചടി; മുതിര്‍ന്ന നേതാവ് രഘുവംശ് പ്രസാദ് സിംഗ് പാര്‍ട്ടി വിട്ടു

Posted on: September 10, 2020 6:20 pm | Last updated: September 10, 2020 at 9:05 pm

പട്ന | ബിഹാറില്‍ ആര്‍ ജെ ഡിക്ക് കനത്ത തിരിച്ചടി നല്‍കി ലാലു പ്രസാദ് യാദവിന്റെ അടുത്ത അനുയായിയും മുതിര്‍ന്ന നേതാവുമായ രഘുവംശ് പ്രസാദ് സിംഗ് പാര്‍ട്ടി വിട്ടു. ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയുള്ള രാജി പാര്‍ട്ടിക്ക് വലിയ ആഘാതമാണ്. മുന്‍ കേന്ദ്ര മന്ത്രി കൂടിയായ രഘുവംശ് പ്രസാദ്, നിതീഷ് കുമാറിന്റെ ജെ ഡി യുവില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. നിലവില്‍ ഡല്‍ഹി എയിംസ് ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂനിറ്റില്‍ കൊവിഡ് ചികിത്സയിലാണ് 72കാരനായ രഘുവംശ് പ്രസാദ് യാദവ്.

ആശുപത്രിയില്‍ നിന്നാണ് അദ്ദേഹം പാര്‍ട്ടി മേധാവി ലാലു പ്രസാദ് യാദവിന് രാജിക്കത്തെഴുതിയത്. ‘കര്‍പ്പുരി താക്കൂറിന്റെ മരണ ശേഷം കഴിഞ്ഞ 32 വര്‍ഷമായി ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നും ഇനിയില്ലെന്നുമാണ് കത്തില്‍ കുറിച്ചത്. പാര്‍ട്ടിയില്‍ നിന്ന് പിന്തുണയും സ്നേഹവും ലഭിച്ചിട്ടുണ്ടെന്നും മാപ്പ് നല്‍കണമെന്നും കത്തില്‍ അപേക്ഷിച്ചിട്ടുണ്ട്. ജനതാ ദള്‍ കാലം മുതലേ ലാലു പ്രസാദ് യാദവിന്റെ അടുത്ത അനുയായിയായിരുന്നു രഘുവംശ് പ്രസാദ്. അഴിമതിക്കേസില്‍ ലാലു ജയിലില്‍ പോയതിന് ശേഷം പാര്‍ട്ടിയുടെ നിയന്ത്രണം മകന്‍ തേജസ്വി ഏറ്റെടുത്തതില്‍ അദ്ദേഹം അസംതൃപ്തനായിരുന്നു. അടുത്തിടെ പുതുതായി ചിലരെ പാര്‍ട്ടിയില്‍ ചേര്‍ത്തതിനോടും അദ്ദേഹത്തിന് വിയോജിപ്പുണ്ടായിരുന്നു.