ഉദ്ദവ് താക്കറെയെ വെല്ലുവിളിക്കുന്ന പരാമര്‍ശം; നടി കങ്കണക്കെതിരെ കേസെടുത്തു

Posted on: September 10, 2020 4:29 pm | Last updated: September 10, 2020 at 4:29 pm

മുംബൈ | മുംബൈയിലെ തന്റെ ഓഫീസ് പൊളിച്ചതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ വെല്ലുവിളിച്ച നടി കങ്കണക്കെതിരെ പോലീസ് കേസെടുത്തു. വിക്രോളി പോലീസാണ് കേസെടുത്തത്. ‘ഇന്ന് എന്റെ വീട് തകര്‍ത്തു, നിങ്ങളുടെ അഹങ്കാരം നാളെ തകരും’ എന്ന് കങ്കണ ട്വിറ്ററില്‍ കുറിച്ചിരുന്നു.
മുംബൈ നഗരത്തെ പാക് അധീന കശ്മീരിനോട് ഉപമിക്കുന്ന രീതിയില്‍ പരാമര്‍ശം നടത്തിയതിന് വലിയ പ്രതിഷേധത്തെയാണ് കങ്കണ നേരിടുന്നത്. മുംബൈ കോര്‍പ്പറേഷന്‍ അധികൃതരുടെ നിര്‍ദേശ പ്രകാരം പൊളിച്ച പാലി ഹില്ലിലെ തന്റെ ഓഫീസ് കെട്ടിടം സന്ദര്‍ശിച്ച കങ്കണ പിന്നീട് മുംബൈ വിമാനത്താവളത്തിലെത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ തടിച്ചുകൂടിയിരുന്നു. കങ്കണയെ പ്രതിഷേധക്കാരില്‍ നിന്ന് ഏറെ പ്രയാസപ്പെട്ട് രക്ഷിച്ചാണ് സുരക്ഷാ കമാന്‍ഡോകള്‍ വീട്ടിലെത്തിച്ചത്.

പൊളിച്ച കെട്ടിടത്തിന്റെ ദൃശ്യങ്ങള്‍ക്കൊപ്പമാണ് ഉദ്ദവ് താക്കറെയ വെല്ലുവിളിക്കുന്ന വീഡിയോ സന്ദേശം കങ്കണ പോസ്റ്റ് ചെയ്തത്. പാസാക്കി നല്‍കിയ പ്ലാനിന് അപ്പുറം നിര്‍മാണങ്ങള്‍ നടത്തിയെന്ന് കാണിച്ചാണ് മുംബൈ കോര്‍പ്പറേഷന്‍ കങ്കണയുടെ മണികര്‍ണിക ഫിലിംസ് ഓഫീസ് കെട്ടിട ഭാഗങ്ങള്‍ പൊളിച്ചത്. 24 മണിക്കൂര്‍ സാവകാശം നല്‍കിയിട്ടും അനുമതി രേഖകള്‍ കങ്കണക്ക് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നാണ് കോര്‍പ്പറേഷന്‍ പറയുന്നത്.