Connect with us

International

സമാധാനത്തിനുള്ള നോബേൽ സമ്മാന പട്ടികയിൽ ട്രംപും

Published

|

Last Updated

വാഷിംഗ്ടൺ| 2021ലെ സമാധാനത്തിനുള്ള നോബേൽ സമ്മാനത്തിന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നാമനിർദേശം ചെയ്തു. ഇസ്‌റാഈലും യു എ ഇയും തമ്മിലുള്ള സമാധാന കരാറിന് മധ്യസ്ഥത വഹിച്ചത് മുൻനിർത്തിയാണ് നോർവീജിയൻ പാർലിമെന്റ് അംഗമായ ക്രിസ്റ്റ്യൻ ടൈബ്രിംഗ് ട്രംപിനെ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്തത്. ഇസ്‌റാഈലും യു എ ഇയും തമ്മിലുള്ള സമാധാന കരാർ ഒരു ഗെയിംചേഞ്ചർ ആകാം. അത് മിഡിൽ ഈസ്റ്റിനെ സഹകരണത്തിന്റെയും സമൃദ്ധിയുടെയും മേഖലയാക്കും. വലതുപക്ഷ പ്രോഗ്രസ് പാർട്ടിയുടെ പാർലിമെന്റ് അംഗം ടൈബ്രിംഗ് കൂട്ടിച്ചേർത്തു. ഉത്തരകൊറിയയുമായുള്ള നയതന്ത്ര ശ്രമങ്ങൾക്ക് ട്രംപിനെ 2019ലെ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്ത ടൈബ്രിംഗ് ഇറാക്കിൽ നിന്ന് യു എസ് സൈന്യം പിന്മാറിയതിനാലാണ് ഈ വർഷം അദ്ദേഹത്തെ നാമനിർദേശം ചെയ്തതെന്നും വ്യക്തമാക്കി.

സമാധാനത്തിനുള്ള നോബേൽ സമ്മാനത്തിനായി പാർലിമെന്റുകളിലെയും സർക്കാറുകളിലെയും അംഗങ്ങൾ, യൂനിവേഴ്‌സിറ്റി പ്രൊഫസർമാർ, മുൻ പുരസ്‌കാര ജേതാക്കൾ എന്നിവരടക്കം ആയിരക്കണക്കിന് ആളുകൾക്ക് സ്ഥാനാർഥികളെ നാമനിർദേശം ചെയ്യാൻ അർഹതയുണ്ട്. എന്നാൽ പുരസ്‌കാരം തീരുമാനിക്കുന്ന നോർവീജിയൻ നോബേൽ കമ്മിറ്റി ഇക്കാര്യത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചു.

മുൻ യു എസ് പ്രസിഡന്റായ ബറാക് ഒബാമക്ക് 2009ൽ അധികാരത്തിലെത്തി മാസങ്ങൾക്കുള്ളിൽ സമാധാന നോബേൽ ലഭിച്ചിരുന്നു. ഈ വർഷത്തെ പുരസ്‌കാര ജേതാവിനെ ഒക്ടോബർ ഒമ്പതിനാണ് പ്രഖ്യാപിക്കുക.