ഓൺലൈൻ ഗെയിമിൽ തോൽപ്പിച്ച ഒമ്പത് വയസ്സുകാരിയെ 11കാരൻ കൊന്നു

Posted on: September 9, 2020 5:55 pm | Last updated: September 9, 2020 at 5:55 pm

ഇൻഡോർ | ഓൺലൈൻ ഗെയിമിൽ തുടർച്ചയായി തോൽപ്പിച്ച ഒമ്പത് വയസ്സുകാരിയെ 11കാരൻ തലക്കടിച്ച് കൊന്നു. മധ്യപ്രദേശിലെ ലാസുഡിയയിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെയാണ് അയൽക്കാരനായ 11കാരൻ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത് .

അയൽക്കാരായ ഒമ്പത് വയസ്സുകാരിയും 11കാരനും ലോക്ക്ഡൗൺ ആരംഭിച്ചത് മുതൽ ഓൺലൈൻ ഗെയിമുകൾ കളിച്ചിരുന്നു. ഓൺലൈൻ ഗെയിമിൽ പെൺകുട്ടിയോട് തുടർച്ചയായി തോറ്റതോടെ 11കാരന് പകയായി മാറി . തിങ്കളാഴ്ച രാവിലെ പെൺകുട്ടിയെ 11കാരൻ സമീപത്തെ വയലിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു . പെൺകുട്ടിയുടെ തലയിലും മുഖത്തും മാരക പരുക്കേറ്റിട്ടുണ്ട് .
പെൺകുട്ടി കൊല്ലപ്പെട്ടതോടെ വീട്ടിൽ തിരികെയെത്തിയ 11കാരൻ മണിക്കൂറുകളോളം കുളിമുറിയിൽ കയറി കതകടച്ചിരുന്നു . ഇതിനിടെ പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു .
പെൺകുട്ടി 11കാരനൊപ്പം വയലിലേക്ക് പോകുന്നത് കണ്ടതായി നാട്ടുകാരിൽ ചിലർ മാതാപിതാക്കളോട് പറഞ്ഞിരുന്നു . കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു. അന്വേഷണം പൂർത്തിയായ ശേഷം 11കാരനെ ജുവനൈൽ ഹോമിലേക്ക് അയക്കുമെന്ന് ഡി ഐ ജി പറഞ്ഞു.