തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

Posted on: September 9, 2020 4:11 pm | Last updated: September 9, 2020 at 4:11 pm

തിരുവനന്തപുരം | തിരുവനന്തപുരത്ത് അഞ്ചുതെങ്ങില്‍ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടം. ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. അഗസ്‌റ്റിന്‍(34), അലക്‌സ്(45), തങ്കച്ചന്‍(52) എന്നിവരാണ് മരിച്ചത്.

അഞ്ച് പേര്‍ വള്ളത്തില്‍ ഉണ്ടായിരുന്നു. രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവേയാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ജില്ലയില്‍ ഇന്ന് വ്യാപക മഴയാണ് ലഭിക്കുന്നത്. ജില്ലയിൽ ഉച്ചയോടെ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.