കങ്കണാ റണാവത്തിന്റെ കെട്ടിടം മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ച് നീക്കുന്നു; നടപടിക്കെതിരെ കങ്കണ മുംബൈ ഹൈക്കോടതിയില്‍

Posted on: September 9, 2020 12:31 pm | Last updated: September 9, 2020 at 4:52 pm

മുംബൈ | ബോളിവുഡ് നടി കങ്കണ റണാവത്തും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. മുംബൈയിലെ കങ്കണയുടെ ബംഗ്ലാവിനടുത്തുള്ള ഓഫീസ് കെട്ടിടം മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ചു നീക്കുന്ന നടപടി തുടങ്ങി. ഇതിനെതിരെ കങ്കണ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

കങ്കണയുടെ ബംഗ്ലാവില്‍ നിരവധി അനധികൃത നിര്‍മാണങ്ങളും കൂട്ടിച്ചേര്‍ക്കലുകളും നടത്തിയെന്നും ഇതു നഗരസഭയുടെ അനുമതിയോടെയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കങ്കണ മൊഹിലിയില്‍നിന്നും മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. കര്‍ശന സുരക്ഷയാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്.

മുംബൈയെ പാക് അധിനിവേശ കശ്മീരുമായി താരതമ്യപ്പെടുത്തിയ കങ്കണയുടെ പ്രസ്താവന വിവാദമായിരുന്നു. ശിവസേന ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കങ്കണക്കെതിരേ രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടിക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കിയത്.