Connect with us

Editorial

രാഷ്ട്രീയ കേസുകൾ എഴുതിത്തള്ളാമോ ?

Published

|

Last Updated

എല്ലാവര്‍ക്കും തുല്യനീതി ഉറപ്പ് നല്‍കുന്നു ഭരണഘടന. ഏത് വ്യക്തിയും – അത് രാഷ്ട്രീയ പ്രവര്‍ത്തകനാകട്ടെ അല്ലാത്തവരാകട്ടെ, ഭരണം കൈയാളുന്നവരാകട്ടെ പ്രതിപക്ഷക്കാരാകട്ടെ – നിയമത്തിന് തുല്യരായിരിക്കണം. എന്നാല്‍ രാജ്യത്ത് പലപ്പോഴും രാഷ്ട്രീയക്കാരന് വിശിഷ്യാ ഭരണം കൈയാളുന്ന കക്ഷിയുടെ ആളുകള്‍ക്ക് ഒരു നിയമവും മറ്റുള്ളവര്‍ക്ക് വേറൊരു നിയമവുമെന്നതാണ് അവസ്ഥ. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കര്‍ണാടകയിലെ ബി ജെ പി. എം എല്‍ എമാര്‍ക്കും എം പിമാര്‍ക്കുമെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാനുള്ള യെദ്യൂരപ്പ സര്‍ക്കാര്‍ തീരുമാനം. നിസ്സാര കേസുകളല്ല- വധശ്രമം, കലാപത്തിന് വഴിമരുന്നിടല്‍ തുടങ്ങി 63 ഗുരുതര കേസുകളാണ് പിന്‍വലിക്കുന്നത്. വനം മന്ത്രി അനന്ത് സിംഗ്, കൃഷി മന്ത്രി ബി സി പാട്ടീല്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എം പി രേണുകാചാര്യ, മൈസൂരു കൊഡഗു എം പി പ്രതാപ് സിംഹ, ഹവേരി എം എല്‍ എ നെഹ്‌റു ഒലേക്കര്‍ തുടങ്ങിയ പ്രമുഖരുമുണ്ട് ഈ കുറ്റവാളികളുടെ പട്ടികയില്‍. വധശ്രമമാണ് രേണുകാചാര്യക്കെതിരായ കേസ്.
രാഷ്ട്രീയ പ്രേരിതമായി ചുമത്തിയ കേസുകളാണ് പിന്‍വലിക്കുന്നതെന്നും കോടതികളുടെ ജോലിഭാരം കുറയാന്‍ ഇത് സഹായിക്കുമെന്നുമാണ് സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് നിയമ മന്ത്രി ജെ സി മധുസ്വാമി മാധ്യമങ്ങളോട് പ്രതികരിച്ചത്. പൊതുപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനിടെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഇത്തരം കേസുകള്‍ സാധാരണമാണെന്നും ബി ജെ പി വൃത്തങ്ങള്‍ ന്യായീകരിക്കുന്നു. ക്രിമിനല്‍ കേസുകള്‍ ഉപേക്ഷിക്കാനുള്ള നീക്കത്തോട് സംസ്ഥാന പോലീസ് ഡയറക്ടര്‍ ജനറല്‍, ഇന്‍സ്‌പെക്ടര്‍ ജനറല്‍, പ്രോസിക്യൂട്ടര്‍ ഡയറക്ടര്‍ തുടങ്ങിയവര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ അത് അവഗണിക്കുകയായിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാറും പിന്‍വലിച്ചിരുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ നിലനില്‍ക്കുന്ന 20,000 കേസുകള്‍. മുഖ്യമന്ത്രി യോഗി, ഉപമുഖ്യമന്ത്രി കേശവ് മൗര്യ, ബി ജെ പി. എം പി സാക്ഷി മഹാരാജ്, കേന്ദ്ര മന്ത്രി ശിവ് പ്രതാപ് ശുക്ല തുടങ്ങിയവര്‍ക്കെതിരായ കേസുകളാണ് പിന്‍വലിച്ചത്. സമാധാനാന്തരീക്ഷം തകര്‍ത്തതുമായും നിരോധന സ്വഭാവമുള്ള ഉത്തരവുകള്‍ ലംഘിച്ചതുമായും ബന്ധപ്പെട്ട കേസുകളാണിവയില്‍ ഏറെയും. 1995ല്‍ ഗോരഖ്പൂരില്‍ നിരോധന ഉത്തരവ് മറികടന്ന് പൊതുയോഗം നടത്തിയതുള്‍പ്പെടെയുള്ള കേസുകളാണ് യോഗിക്കെതിരെയുള്ളത്. ഡിസംബര്‍ 22ന് ഉത്തര്‍പ്രദേശ് ക്രിമിനല്‍ നിയമ ഭേദഗതി ബില്ലിന്റെ ചര്‍ച്ചക്കിടെയാണ് യോഗി ഇക്കാര്യം വ്യക്തമാക്കിയത്. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ ബി ജെ പിയോടുള്ള രാഷ്ട്രീയ ശത്രുതക്ക് അല്‍പ്പം അയവ് വന്നതുകൊണ്ടായിരിക്കാം അദ്ദേഹത്തിനെതിരായ കേസുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട് പിന്‍വലിക്കുന്നവയുടെ പട്ടികയില്‍. അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യക്കെതിരായ ക്രിമിനല്‍ കേസ് മധ്യപ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ച സംഭവവും ഇതോട് ചേര്‍ത്തു വായിക്കാവുന്നതാണ്. ഭൂമിയുമായി ബന്ധപ്പെട്ട രേഖകളില്‍ സിന്ധ്യയും കുടുംബവും കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്. ബി ജെ പിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് ഇത് പിന്‍വലിച്ച് അദ്ദേഹത്തിന് ക്ലീന്‍ചിറ്റ് നല്‍കിയത്.

രാഷ്ട്രീയ പ്രേരിതമായ കേസുകള്‍ പിന്‍വലിക്കുന്ന പ്രവണത ബി ജെ പി ഭരണത്തില്‍ മാത്രമല്ല ഉള്ളത്. കേരളത്തിലുള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും നടക്കാറുണ്ട് നിയമത്തെ നോക്കുകുത്തിയാക്കുന്ന ഇപ്പണി. 2018 നവംബറില്‍ സി പി എം നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി വിചാരണയില്ലാതെ അവസാനിപ്പിച്ചിരുന്നു. പിണറായി സര്‍ക്കാറിന്റെ അപേക്ഷയെ തുടര്‍ന്നായിരുന്നു ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന കോടതിയുടെ ഈ നടപടി. പ്രക്ഷോഭങ്ങളിലും സമരങ്ങളിലും ക്രമസമാധാന ലംഘനം നടത്തിയതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷനിലും കന്റോണ്‍മെന്റ് സ്‌റ്റേഷനിലും കണ്ണൂര്‍ തളിപ്പറമ്പ് സ്‌റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത കേസുകളാണ് അന്ന് അവസാനിപ്പിച്ചത്.

ക്രമസമാധാന ലംഘനങ്ങള്‍ ആര് നടത്തിയാലും ചട്ടങ്ങള്‍ അനുസരിച്ചായിരിക്കണം അത് കൈകാര്യം ചെയ്യേണ്ടത്. രാഷ്ട്രീയ സമരത്തിന്റെ പശ്ചാത്തലത്തിലായാലും മറ്റെന്തെങ്കിലും സാഹചര്യങ്ങളിലായാലും നിയമ ലംഘനവും അക്രമ പ്രവര്‍ത്തനങ്ങളും കുറ്റകരമാണ്. കൊലപാതക ശ്രമം, പൊതുസ്വത്ത് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ രാഷ്ട്രീയ ബാനറില്‍ ചെയ്യുമ്പോള്‍ ലാഘവത്തോടെ കാണുകയും, മറ്റു ബാനറിന് കീഴിലാകുമ്പോള്‍ ഗുരുതരമായി കാണുകയും ചെയ്യുന്നത് ഇരട്ട നീതിയാണ്. ചെറിയ കുറ്റകൃത്യങ്ങള്‍ ചെയ്തയാളുകള്‍ അപ്പേരില്‍ പലപ്പോഴും വര്‍ഷങ്ങളോളം കോടതികള്‍ കയറിയിറങ്ങുകയും അവസാനം തടവുശിക്ഷക്കോ പിഴശിക്ഷക്കോ വിധേയനാകുകയും ചെയ്യുമ്പോള്‍, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്ത രാഷ്ട്രീയ നേതാക്കള്‍ ഒരു നിയമ നടപടികള്‍ക്കും വിധേയമാകാതെ അധികാരത്തിന്റെ പിന്‍ബലത്തില്‍ രക്ഷപ്പെടുന്നത് ജനാധിപത്യത്തിന്റെ അന്തസ്സത്തക്ക് യോജിച്ചതല്ല. സമൂഹത്തില്‍ നിന്ന് കുറ്റകൃത്യങ്ങള്‍ തുടച്ചു നീക്കുകയും ക്രിമിനല്‍ പ്രവണതകള്‍ ഇല്ലാതാക്കുകയും ചെയ്യേണ്ടവരാണ് ഭരണകൂടങ്ങള്‍. എന്നാല്‍ രാഷ്ട്രീയക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുന്നതിലൂടെ ഭരണകൂടം തന്നെ ക്രിമിനല്‍ പ്രവണതക്ക് വളം വെച്ചുകൊടുക്കുകയാണ്. ഇതാണ് രാജ്യത്ത് രാഷ്ട്രീയ സംഘട്ടനങ്ങള്‍ വര്‍ധിക്കാനും രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ അക്രമങ്ങളിലേക്ക് വഴിമാറാനും കാരണം. രാഷ്ട്രീയത്തിന്റെ ബാനറില്‍ എന്ത് അതിക്രമങ്ങളും വേണ്ടാത്തരങ്ങളും കാണിച്ചാലും നേതാക്കള്‍ തങ്ങളെ കാത്തുകൊള്ളുമെന്ന ഒരു വിശ്വാസം രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുണ്ട്. ഇത് മാറണം. ക്രിമിനല്‍ കുറ്റകൃത്യങ്ങളെ വെള്ളപൂശാന്‍ ഒരു നേതാവും സന്നദ്ധമാകില്ലെന്ന് അണികള്‍ക്കും നേതാക്കള്‍ക്കും ബോധ്യം വരുന്ന സ്ഥിതിയിലേക്ക് നിയമസംവിധാനങ്ങള്‍ ഉയരുകയും കാര്യക്ഷമമാകുകയും വേണം. എങ്കിലേ തുല്യനീതി എന്ന ഭരണഘടനയുടെ 14ാം അനുഛേദം സാര്‍ഥകമാകുകയുള്ളൂ.

Latest