കര്‍ണാടകയില്‍ സ്‌കൂളുകളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ശൃഖംല പ്രവര്‍ത്തിക്കുന്നുവെന്ന് മന്ത്രി

Posted on: September 8, 2020 5:35 pm | Last updated: September 8, 2020 at 5:35 pm

ചമരഞ്ച്‌നഗര്‍| കര്‍ണാടകയിലെ ഉന്നത നിലവാരമുള്ള സ്‌കൂളുകളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് ശൃംഖല പ്രവര്‍ത്തിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ മയക്കു മരുന്നിന് ഇരയാകുന്നതായി സംശയിക്കുന്നതായും ഐസ്‌ക്രീമില്‍ മയക്കുമരുന്ന് കലര്‍ത്തുന്നതായും മന്ത്രി പറഞ്ഞു.

മയക്കുമരുന്ന് ചേര്‍ത്തുള്ള ഐസ്‌ക്രീമുകള്‍ വിദ്യാര്‍ഥികള്‍ക്ക് വാഗ്ദാനം ചെയ്ത് സ്‌കൂളിന് പുറത്ത് മയക്കുമരുന്ന് ശൃഖംല പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. മയക്കുമരുന്നുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

മന്ത്രിയുടെ പ്രസ്താവന പുറത്ത് വന്നതിന് തൊട്ടുപിന്നാലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കന്നട നടി രാഗിണി ദ്വിവേദിയെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് നടി സഞ്ജന ഗല്‍റാണിയുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി.

കന്നട ചലചിത്ര മേഖലയില്‍ വന്‍ തോതില്‍ മയക്കുമരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്ന് ചാനലുകളില്‍ പ്രസ്താവന നടത്തിയ ലങ്കേഷിന് ആന്റി നാര്‍ക്കോട്ടിക് വിംഗ് നോട്ടീസ് അയച്ചു. സിനിമാ മേഖലയില്‍ വളര്‍ന്നു വരുന്ന താരങ്ങള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി ലങ്കേഷ് അഭിപ്രായപ്പെട്ടിരുന്നു. കന്നട നടന്‍ ചിരഞ്ജീവി സാര്‍ജയുടെ മരണശേഷം അദ്ദേഹം നല്‍കിയ നിരവധി മാധ്യമ അഭിമുഖങ്ങളില്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു.