National
കര്‍ണാടക-കേരളം വനപാതയില്‍ യാത്രക്കാരെ കൊള്ളയടിക്കാന്‍ ശ്രമം; ഒമ്പതംഗ സംഘം പിടിയില്‍

മാക്കൂട്ടം | കര്‍ണാടക-കേരളം വനപാതയിലെ മാക്കൂട്ടം വിരാജ്‌പേട്ട റോഡില്‍ രാത്രി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും മറ്റും കവരാന്‍ ശ്രമിച്ചു. മലയാളി വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള ഒമ്പതംഗ കൊള്ള സംഘമാണ് സംഭവത്തിനു പിന്നില്‍. ഇവരെ കര്‍ണാടക പോലീസ് പിടികൂടി. വടകര ചോമ്പാല സ്വദേശി വൈഷ്ണവ് (22), കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി അഭിനവ് (20) എന്നിവരും കര്‍ണാടക സ്വദേശികളായ ഏഴ് പേരുമാണ് പിടിയിലായത്. അഭിനവ് തലശ്ശേരി എന്‍ ടി ടി എഫ് പോളിടെക്‌നിക് കോളജിലെ വിദ്യാര്‍ഥിയാണ്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. മാരകായുധങ്ങളുമായി രണ്ടു വാഹനങ്ങളിലായെത്തി ചുരത്തില്‍ പതിയിരുന്നാണ് സംഘം കൊള്ളക്കു ശ്രമിച്ചത്. റോഡിലെ വിജനമായ ഭാഗത്ത് തമ്പടിച്ച് കൊള്ളക്കു ശ്രമിച്ച സംഘം രാത്രി പട്രോളിംഗ് നടത്തുന്ന പോലീസിനെ കണ്ടപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇവരെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവര്‍ യാത്ര ചെയ്ത് വാഹനങ്ങളില്‍ നിന്ന് ഇരുമ്പ് വടികള്‍, മുളകുപൊടി, എട്ട് കിലോ മെര്‍ക്കുറി, കത്തി, വടിവാള്‍ തുടങ്ങിയവ കണ്ടെടുത്തു. രാത്രിയില്‍ ഇതുവഴി പോകുന്ന വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി യാത്രക്കാരെ കൊള്ളയടിക്കാനായിരുന്നു പദ്ധതിയെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു.
സംഘത്തിലെ ഒരു കര്‍ണാടക സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ മടിക്കേരി കൊവിഡ് സെന്ററിലേക്ക് മാറ്റി. കോടതിയില്‍ ഹാജരാക്കിയ മറ്റുള്ളവരെ റിമാന്‍ഡ് ചെയ്തു.