Connect with us

Articles

നിര്‍ണായക നിയമ വ്യവഹാരത്തിന്റെ ശില്‍പ്പി

Published

|

Last Updated

ഇന്ത്യയിലെ ജനാധിപത്യ ക്രമത്തിന്റെ സ്വഭാവ സവിശേഷതകള്‍ എന്താണെന്ന് നിര്‍ണയിക്കുന്നതില്‍ ഭരണഘടനയുടെ മൗലിക സ്വഭാവം(Basic structure) എന്ന ഭരണഘടനാ തത്വത്തിന് അലംഘനീയ പ്രാധാന്യമുണ്ട്. ഭരണഘടന ഉള്‍വഹിക്കുന്ന മൗലിക സ്വഭാവത്തെക്കുറിച്ച് ഭരണഘടനാനുഛേദങ്ങളില്‍ ഒരിടത്തും പരാമര്‍ശിക്കപ്പെട്ടിട്ടില്ല എന്നതാണ് ശ്രദ്ധേയം. അത്തരമൊരു തത്വത്തിന് ജന്മം നല്‍കുന്ന തലത്തിലേക്ക് വളര്‍ന്നുവന്ന, ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ നിര്‍ണായകമായ ഒരു നിയമ പോരാട്ടത്തിന് തുടക്കം കുറിച്ചത് കഴിഞ്ഞ ദിവസം അന്തരിച്ച കേശവാനന്ദ ഭാരതിയായിരുന്നു.

ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ റദ്ദാക്കാന്‍ സാധിക്കില്ലെന്ന സുപ്രധാന വിധിപ്രസ്താവം നടത്തിയ കേശവാനന്ദ ഭാരതി കേസില്‍ എന്താണ് ഭരണഘടനയുടെ മൗലിക സ്വഭാവമെന്ന് സുപ്രീം കോടതി വിശദീകരിച്ചു. ഭരണഘടനാ മേല്‍ക്കോയ്മ, ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും, റിപ്പബ്ലിക്കിന്റെ ജനാധിപത്യ സ്വഭാവം, ഫെഡറലിസം, മതനിരപേക്ഷത, അധികാര വിഭജനം, വ്യക്തി സ്വാതന്ത്ര്യം എന്നീ ഏഴ് കാര്യങ്ങളാണ് പ്രസ്തുത വിധിയില്‍ ഭരണഘടനയുടെ മൗലിക സ്വഭാവമായി സുപ്രീം കോടതി വിശദീകരിച്ചത്. പില്‍ക്കാലത്ത് ഒട്ടേറെ നിയമ വ്യവഹാരങ്ങളിലൂടെ അടിസ്ഥാന സ്വഭാവത്തിന്റെ വ്യാപ്തി വര്‍ധിക്കുകയുമുണ്ടായി.

ഭൂരഹിതരായ കര്‍ഷകര്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ ഉദ്ദേശിച്ചു കൊണ്ട് ഇ എം എസിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്‌കരണ നിയമങ്ങളെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു കേശവാനന്ദ ഭാരതി സുപ്രീം കോടതിയെ സമീപിച്ചത്. 13 ന്യായാധിപരടങ്ങുന്ന ഫുള്‍ ബഞ്ച് 68 ദിവസം വാദം കേട്ട നിയമ വ്യവഹാരം സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഇടം പിടിച്ചത് നിര്‍ണായക വഴിത്തിരിവിന് മരുന്നിട്ട കേസ് എന്ന നിലയിലാണ്.

സ്വാതന്ത്ര്യാനന്തരം രണ്ട് പതിറ്റാണ്ട് കാലം രാജ്യത്തെ പരമോന്നത നീതിപീഠം സ്വീകരിച്ചു വന്നിരുന്ന പൊതു സമീപനത്തില്‍ നിന്നുള്ള ഏറ്റവും പുരോഗമനപരമായ വ്യതിചലനമാണ് കേശവാനന്ദ ഭാരതി വിധി എന്ന് സൂക്ഷ്മ വായനയില്‍ ബോധ്യമാകും.1950ലെ എ കെ ഗോപാലന്‍ കേസ് മുതല്‍ മൗലികാവകാശങ്ങളുടെ ഭേദഗതിയെച്ചൊല്ലി സുപ്രീം കോടതി പുലര്‍ത്തി വന്ന സമീപനം ഒട്ടും ശുഭകരമല്ലാത്തതായിരുന്നു. ഭരണഘടനയുടെ 21ാം അനുഛേദം ഉറപ്പു നല്‍കുന്ന വ്യക്തി സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തെ സ്വാഭാവിക നീതിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെ തന്നെ, നിയമാംഗീകാരം ലഭിച്ച നടപടി ക്രമങ്ങളുണ്ടെങ്കില്‍ ലംഘിക്കാം എന്ന തീര്‍പ്പിലായിരുന്നു സുപ്രീം കോടതി ഏറെക്കാലം. അതോടൊപ്പം മൗലികാവകാശങ്ങളടക്കം ഭേദഗതി ചെയ്യാം എന്ന് ആവര്‍ത്തിച്ചുകൊണ്ടുമിരുന്നു. വ്യക്തി സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാന്‍ കൊണ്ടുവരുന്ന ഏത് നിയമപരമായ നടപടി ക്രമവും നീതിപൂര്‍വവും സ്വാഭാവിക നീതിയോട് യോജിക്കുന്നതുമായിരിക്കണമെന്ന് 1978ലെ മനേക ഗാന്ധി കേസിലാണ് പരമോന്നത ന്യായാസനം വിധിച്ചത്. പക്ഷേ, അതിന് അഞ്ച് വര്‍ഷം മുമ്പ് മൗലികാവകാശങ്ങളുള്‍പ്പെടെ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തില്‍ കൈവെക്കാന്‍ കഴിയില്ലെന്ന് വിധിച്ചത് കേശവാനന്ദ ഭാരതി കേസിലാണ്.

ജനാധിപത്യ മതനിരപേക്ഷ ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും അപകടകരമായ ദശാസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ കേശവാനന്ദ ഭാരതിയെ ഓര്‍ക്കാന്‍ അദ്ദേഹത്തിന്റെ നിയമ പോരാട്ടത്തിനപ്പുറം മറ്റു ഹേതു വേണ്ടതില്ല. ഭരണഘടനയുടെ മൗലിക സ്വഭാവത്തെ രൂപപ്പെടുത്താനും മൗലികാവകാശങ്ങളുടെ അപ്രമാദിത്വത്തെ ഉറപ്പിച്ചെടുക്കാനും കാരണമായ വ്യവഹാരത്തിന്റെ ശില്‍പി എന്ന നിലയില്‍ അദ്ദേഹം ഓര്‍മിക്കപ്പെടുക തന്നെ ചെയ്യും.