റവന്യൂ ഇന്റലിജന്‍സ് സംഘത്തിന് നേരെ സ്വര്‍ണക്കടത്തുകാരുടെ വധശ്രമം: കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാര്‍ കസ്റ്റഡിയില്‍

Posted on: September 6, 2020 10:05 pm | Last updated: September 7, 2020 at 9:17 am

കോഴിക്കോട് | കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പരിശോധകരെ വെട്ടിച്ച് കൊണ്ട് വന്ന സ്വര്‍ണം കടത്തുന്ന സംഘം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി ആര്‍ ഐ) സംഘത്തെ കൊല്ലാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് വിമാനത്താവള ജീവനക്കാര്‍ കസ്റ്റഡിയില്‍. രണ്ട് താത്കാലിക ജീവനക്കാരെയാണ് ഡി ആര്‍ ഐ കസ്റ്റഡിയിലെടുത്തത്.

ഇവരെ വിശദമായി ചോദ്യം ചെയ്യും. വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പുറത്തെത്തിക്കാന്‍ ഇവര്‍ സഹായിച്ചുവെന്നാണ് ഡി ആര്‍ ഐ സംശയിക്കുന്നത്. മിശ്രിതരൂപത്തിലാണ് സ്വര്‍ണം കടത്തിയത്. ഇത് കസ്റ്റംസ് പരിശോധന മറികടന്ന് കടത്തിയതാണെന്നാണ് സൂചന.

വിമാനത്താവളത്തില്‍ പരിശോധകരെ വെട്ടിച്ച് കൊണ്ട് വന്ന സ്വര്‍ണം കടത്തുകയായിരുന്ന ഇന്നോവ കാറിന് ബൈക്കിലെത്തിയ ഡി ആര്‍ ഐ സംഘം കൈ കാട്ടിയപ്പോള്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഓഫീസറായ ആല്‍ബര്‍ട്ട് ജോര്‍ജ്, ഡ്രൈവര്‍ നജീബ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. നജീബിന്റെ പരുക്ക് സാരമുള്ളതാണ്. കാലിന്റെ എല്ല് പൊട്ടിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ ഇടിച്ചതോടെ നിയന്ത്രണം വിട്ട കാര്‍ വഴിയോരത്തെ മരത്തിലിടിക്കുകയായിരുന്നു. സ്വര്‍ണം പിടികൂടിയിട്ടുണ്ട്.

മലപ്പുറം ഊര്‍ങ്ങാട്ടിരി സ്വദേശി ഷീബയുടെ പേരിലുള്ളതാണ് സ്വര്‍ണ്ണം കടത്തിയ കെ എല്‍ 16 ആര്‍ 5005 നമ്പറിലുള്ള ഇന്നോവ. കാറിലുണ്ടായിരുന്ന സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാനി കൊടുവള്ളി സ്വദേശി നിസാര്‍ പിടിയിലായി. മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ ഒളിപ്പിച്ച സ്വര്‍ണം ജീവനക്കാര്‍ വഴി പുറത്തെത്തിച്ചതാകാമെന്നാണ് വിലയിരുത്തല്‍. രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഡി ആര്‍ ഐ സംഘം പരിശോധിക്കാന്‍ ശ്രമിച്ചത്.

ALSO READ  സ്വര്‍ണ കള്ളക്കടത്ത്: അനില്‍ നമ്പ്യാരെ ചോദ്യം ചെയ്ത് വിട്ടയച്ചു