കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ എത്തുന്നു; തിരഞ്ഞെടുപ്പ് ചുമതലകള്‍ നല്‍കി

Posted on: September 6, 2020 2:57 pm | Last updated: September 6, 2020 at 6:27 pm

മലപ്പുറം | ചെറിയൊരു ഇടവേളക്ക് ശേഷം മുസ്ലിം ലീഗ് നേതാവും മലപ്പുറം എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. സംസ്ഥാനത്ത് വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പുകളുടെ ചുമതല മുസ്ലിം ലീഗ് പി കെ കുഞ്ഞാലിക്കുട്ടിക്ക് നല്‍കി. ദേശീയ തലത്തിലുള്ള തിരഞ്ഞെടുപ്പ് ചുമതല ഇ ടി മുഹമ്മദ് ബഷീറിനേയും ഏല്‍പ്പിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം ഇക്കാര്യം അറിയിച്ചത്.

വരാന്‍ പോകുന്നത് തിരഞ്ഞെടുപ്പുകളുടെ ഒരു ഘോഷയാത്രയാണെന്നും വലിയ വെല്ലുവിളിയാണ് നേരിടാനുള്ളതെന്നും പി കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. യുഡിഎഫിന് പുറത്ത് മറ്റ് പാര്‍ട്ടികളുമായി രാഷ്ട്രീയ സഖ്യമില്ല. എന്നാല്‍ മറ്റ് നീക്കുപോക്കുകള്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തീരുമാനിക്കും. കേരളത്തില്‍ യുഡിഎഫിന്റെ സമയമാണ് . ഏത് വെല്ലുവിളികളേയും നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.