Connect with us

Kerala

യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവം; കര്‍ശന നടപടിയെന്ന് മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് ബാധിതയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഡ്രൈവറെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുവതി പീഡനത്തിനിരയായ വിഷയത്തില്‍ എന്തുകൊണ്ടാണ് വീഴ്ചയുണ്ടായതെന്ന് പരിശോധിക്കും. യുവതിയെ ആംബുലന്‍സില്‍ ഒറ്റക്കു കൊണ്ടുപോകാനിടയായ സാഹചര്യം പരിശോധിക്കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് ആംബുലന്‍സ് ഏജന്‍സിക്കെതിരേയും കേസെടുക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ ആവശ്യപ്പെട്ടു. പ്രതിക്കെതിരെ കര്‍ശന നടപടിയുണ്ടാകണം.
കൊവിഡ് രോഗികളായ സ്ത്രീകളെ രാത്രിയില്‍ ഒറ്റക്ക് വിടുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.
യുവതിയെ പീഡിപ്പിച്ചതിനു ശേഷം പ്രതി മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങള്‍ നിര്‍ണായക തെളിവാണെന്ന് പത്തനംതിട്ട എസ് പി. കെ ജി സൈമണ്‍ പറഞ്ഞു.ചെയ്തത് തെറ്റായിപ്പോയെന്നും ക്ഷമിക്കണമെന്നും സംഭവം ആരോടും പറയരുതെന്നും പ്രതി പറയുന്ന ദൃശ്യങ്ങള്‍ യുവതി റെക്കോര്‍ഡ് ചെയ്തിരുന്നു. കായംകുളം സ്വദേശിയായ പ്രതിയെ രാത്രി തന്നെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചതായും എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്നും എസ് പി വ്യക്തമാക്കി.