ഇന്ന് രാജ്യാന്തര ജീവകാരുണ്യദിനം: റെഡ് ക്രസന്റ് സഹായം എത്തിയത് 87 രാജ്യങ്ങളിലെ 21 ലക്ഷം പേർക്ക്

Posted on: September 5, 2020 11:12 pm | Last updated: September 5, 2020 at 11:12 pm

ദുബൈ | ഇന്ന് യു എ ഇയിൽ രാജ്യാന്തര ജീവകാരുണ്യ ദിനം. നിരവധി സാമൂഹിക പ്രവർത്തനങ്ങളാണ് നടക്കുക. കൊവിഡ് ഭീഷണിയുള്ളതിനാൽ അതിനെ പ്രതിരോധിക്കുന്ന പ്രവർത്തനങ്ങൾക്കു സഹായം എത്തിക്കാനാണ് ഊന്നൽ.  യുഎഇക്ക് ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും മാനുഷിക പ്രവർത്തനങ്ങളുടെയും വേറിട്ടതും പൂർണവുമായ ഒരു മാർഗരേഖയുണ്ടെന്നു അധികൃതർ പറഞ്ഞു.

മെഡിക്കൽ അല്ലെങ്കിൽ ദുരിതാശ്വാസ സഹായം നൽകുന്നതിൽ മാത്രം പരിമിതപ്പെടുന്നില്ല. അവ മഹാമാരി പൊട്ടിപ്പുറപ്പെട്ട സമയത്ത് രാജ്യത്തിന് പുറത്തേക്കും സഹായം എത്തിച്ചു.  നിരവധി പ്രവാസികളെ ഒഴിപ്പിക്കാൻ സൗകര്യം ഒരുക്കി. ചിലർക്ക് എമിറേറ്റ്‌സ് ഹ്യൂമാനിറ്റേറിയൻ സിറ്റിയിൽ അഭയം നൽകി. മാനുഷിക മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് യു എ ഇ മുൻഗണന നൽകിയിട്ടുണ്ട്. മൊത്തം വരുമാനത്തിന്റെ 1.31 ശതമാനം പര സഹായത്തിനു നീക്കിവെച്ചിട്ടുണ്ട്.  ലോകമെമ്പാടുമുള്ള നിർധനരായ ആളുകളെ സഹായിക്കുന്നതിനായി 45 ലധികം ദാതാക്കളും മാനുഷിക സംഘടനകളും ചാരിറ്റി അസോസിയേഷനുകളും യു എ ഇയിൽ പ്രവർത്തിക്കുന്നു.

7 വർഷം മുമ്പ് സ്ഥാപിതമായ എമിറേറ്റ്‌സ് റെഡ് ക്രസന്റ,് യുഎഇയിലെ പ്രമുഖ മാനുഷിക ജീവ കാരുണ്യ സംഘടനകളുടെ മുഖമുദ്രയാണ്.
2019 ൽ 14 കോടി ദിർഹം സഹായിച്ചു.  87 രാജ്യങ്ങളിലെ നിന്നുള്ള രണ്ട് ദശലക്ഷത്തിലധികം പൗരന്മാർക്ക് ഗുണകരമായി.  സാമൂഹിക സഹായം,  ജീവകാരുണ്യ പദ്ധതികൾ എന്നിവക്ക് കോടികൾ വേറെ.  ആഗോളതലത്തിൽ, 2019 ന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ റെഡ് ക്രസന്റ് നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മൂല്യം 50,231,778 ആണ്. 2,142,878 പേർക്ക് പ്രയോജനം ചെയ്തു. യുഎഇയിലെയും മറ്റ് 25 രാജ്യങ്ങളിലെയും 114,000 അനാഥരെ ഇആർസി പിന്തുണയ്ക്കുന്നു. 80 രാജ്യങ്ങളിലായി 11 ദശലക്ഷത്തിലധികം ആളുകൾ റമസാൻ പരിപാടികളിൽ നിന്ന് പ്രയോജനം നേടി.

മേഖലയിലെ ഏറ്റവും വലിയ മാനുഷിക സംഘടനയാണ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഗ്ലോബൽ ഓർഗനൈസേഷൻ. സ്ഥാപിതമായതുമുതൽ, അതിന്റെ ശ്രമങ്ങൾ വികസനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും അടിസ്ഥാനമാക്കിയുള്ള മാനുഷിക പ്രവർത്തനങ്ങളാണ്. 108 രാജ്യങ്ങളിലായി 7.1 കോടി ആളുകൾക്ക് പ്രയോജനം ചെയ്ത വികസന, മാനുഷിക, വിജ്ഞാന ശാക്തീകരണ പരിപാടികൾക്കായി 2019ൽ 130 കോടി ദിർഹം ചെലവഴിച്ചു.
യുഎഇയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രധാന സ്തംഭങ്ങളിലൊന്നാണ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാൻ ചാരിറ്റബിൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ.