ബൈറൂത്ത് സ്‌ഫോടന അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവന്റെ തുടിപ്പ്: അത്ഭുത മനുഷ്യനെ കണ്ടെത്താന്‍ മൂന്നാം ദിവസവും തിരച്ചില്‍

Posted on: September 5, 2020 8:36 pm | Last updated: September 5, 2020 at 8:36 pm

ബൈറൂത്ത് | ലെബനോന്‍ തലസ്ഥാനമായ ബൈറൂത്തില്‍ ഒരു മാസം മുമ്പുണ്ടായ സ്‌ഫോടനത്തെ അതിജീവിച്ചെന്ന് സംശയിക്കുന്നയാളെ അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. ശനിയാഴ്ചയോടെ തിരച്ചില്‍ മൂന്ന് ദിവസം പൂര്‍ത്തിയാക്കി.

ശ്രമം വിജയിക്കുമെന്ന് കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ചിലിയന്‍ രക്ഷാപ്രവര്‍ത്തകരാണ് ജീവന്റെ അടയാളം കണ്ടെത്തിയത്. ഗെമ്മെയ്‌സ് പ്രദേശത്തെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് ജീവന്റെ തുടിപ്പ് ഇവര്‍ക്ക് മനസ്സിലായത്. ഫ്ളാഷ് എന്ന സ്‌നിഫര്‍ നായയാണ് ആദ്യം പരിശോധിച്ചത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഇലക്ട്രോണിക് സെന്‍സറുകള്‍ മുഖേന മനസ്സിലായിരുന്നു.

കെട്ടിടങ്ങളുടെ വലിയ അവശിഷ്ട കൂനയില്‍ നിന്നാണ് മിനുട്ടില്‍ 18 മുതല്‍ 20 വരെയുള്ള ശ്വാസോച്ഛാസം കണ്ടെത്തിയത്. വളരെ ദുര്‍ബലമായ ശ്വസനഗതിയാണിത്. സൂചന ലഭിച്ചത് മൂന്ന് മീറ്റര്‍ ആഴത്തില്‍ നിന്നാണ്. വിവിധ ഭാഗങ്ങളില്‍ നിന്ന് തുരങ്കം നിര്‍മിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ ഇവിടേക്കെത്തുന്നത്. ഇതുവരെ 1.2 മീറ്റര്‍ ആണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്.