സര്‍ക്കാര്‍ ജീവനക്കാരോട് ഫയലുകള്‍ ചോര്‍ത്തി നല്‍കാന്‍ മുല്ലപ്പള്ളി ആവശ്യപ്പെട്ടത് കലാപാഹ്വാനം: മുഖ്യമന്ത്രി

Posted on: September 5, 2020 7:22 pm | Last updated: September 5, 2020 at 7:49 pm

തിരുവനന്തപുരം | യോഗ വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ സര്‍ക്കാര്‍ ജീവനക്കാരോട് ആവശ്യപ്പെട്ട കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നടപടി കലാപാഹ്വാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടത് കലാപത്തിനുള്ള ആഹ്വാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യത്തിന്റെ ഉന്നത സ്ഥാനത്തിരുന്നവര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യമാണിത്. സര്‍ക്കാറിനെ വഞ്ചിക്കാനല്ലേ ജീവനക്കാരോട് പറയുന്നത്. ജനാധിപത്യ പ്രക്രിയയിലെ ഗുരുതര വീഴ്ചയാണ്. നിര്‍ഭാഗ്യകരമെന്നെ പറയാനുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചാണ് ഫയലുകള്‍ ചോര്‍ത്താന്‍ മുല്ലപ്പള്ളി ആവശ്യപ്പെട്ടത്. കെ പി സി സിയുടെ ലെറ്റര്‍ ഹെഡില്‍ യോഗ തീരുമാനങ്ങള്‍ സംഘടനാ നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ യോഗം ഒരു രാഷ്ട്രീയ പാര്‍ടി നേരിട്ട് വിളിച്ച് സര്‍ക്കാറിനെതിരെ രംഗത്ത് വരാന്‍ നിര്‍ദേശിക്കുന്നത് ഇതാദ്യമായാണ്. സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ആഗസ്റ്റ് 19നാണ് ഓഫീസേഴ്‌സ് ആന്‍ഡ് സര്‍വീസ് ഓര്‍ഗനൈസേഷന്‍സ് സെല്ലിന്റെ ഓണ്‍ലൈന്‍ യോഗം മുല്ലപ്പള്ളി വിളിച്ചു ചേര്‍ത്തത്.