വാരിയംകുന്നന്റെ പേരുള്ള രക്തസാക്ഷി നിഘണ്ടു കേന്ദ്രം വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്‌തെങ്കിലും പേരൊഴിവാക്കി നിഘണ്ടു പുനഃപ്രസിദ്ധീകരിച്ചേക്കില്ല

Posted on: September 5, 2020 6:44 pm | Last updated: September 5, 2020 at 6:48 pm

കോഴിക്കോട് | പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്ത ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ രക്തസാക്ഷികളായവരുടെ നിഘണ്ടുവില്‍ കേരളത്തില്‍ നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും ഉൾപ്പെട്ടത് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ വിവാദമാക്കുന്നുണ്ടെങ്കിലും ഇവരുടെ പേരുകള്‍ നിലവില്‍ പ്രസിദ്ധീകരിച്ച നിഘണ്ടുവില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കില്ലെന്ന് റിപ്പോര്‍ട്ട്. ഇവരുടെ പേരുകള്‍ ഉള്‍പ്പെട്ട നിഘണ്ടുവിന്റെ അഞ്ചാം വാള്യം വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്‌തെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ഫേസ്ബുക്കില്‍ കുറിച്ചെങ്കിലും പ്രസിദ്ധീകരിച്ച നിഘണ്ടുവില്‍ നിന്ന് പേര് നീക്കേണ്ടതില്ലെന്ന നിലപാടിലാണ് അധികൃതര്‍. കേന്ദ്ര സാംസ്‌കാരികവകുപ്പും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചും (ഐ സി എച്ച് ആര്‍ ഡി) സംയുക്തമായാണ് ‘രക്തസാക്ഷി നിഘണ്ടു ഇന്ത്യന്‍ സ്വാതന്ത്ര്യസമരം: 1857 മുതല്‍ 1947 വരെ’ എന്ന ഗ്രന്ഥം പുറത്തിറക്കിയത്.

പ്രധാനമന്ത്രി പ്രകാശനം ചെയ്ത അഞ്ചാം വാള്യത്തിലാണ് കേരളത്തില്‍ നിന്ന് സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളില്‍ പങ്കെടുത്ത് രക്തസാക്ഷികളായവരെ കുറിച്ചുള്ളത്. ഇതില്‍ 1921ലെ മലബാര്‍ സമരത്തില്‍ നേതൃസ്ഥാനം വഹിച്ച ആലി മുസ്ലിയാരും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ഉള്‍പ്പെട്ടിട്ടുണ്ട്. 1921ലെ സമരത്തില്‍ മരിച്ചവരെയെല്ലാം നിഘണ്ടുവില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മതഭേദമന്യേ ജനകീയ പങ്കാളിത്തം കൊണ്ട് സമ്പന്നമായ 1921ലെ മലബാര്‍ സമരത്തെ ഹിന്ദുവിരുദ്ധമായാണ് കേരളത്തിലെ സംഘ്പരിവാറുകാര്‍ ചിത്രീകരിച്ചിട്ടുള്ളത്. ഈ പശ്ചാത്തലത്തില്‍ ബി ജെ പി കേന്ദ്രം ഭരിക്കുമ്പോള്‍ കേന്ദ്ര സ്ഥാപനം ഇറക്കിയ പുസ്തകത്തില്‍ ആലി മുസ്ലിയാരും വാരിയന്‍കുന്നത്തും ഉള്‍പ്പെട്ടത് സംഘ്പരിവാറുകാര്‍ക്ക് വലിയ അലോസരമാണുണ്ടാക്കിയത്.

ഹിന്ദു ഐക്യവേദി കെ പി ശശികല കഴിഞ്ഞ ദിവസം ഇതിനെതിരെ രംഗത്തുവരികയും പട്ടികയില്‍ നിന്ന് ഇവരുടെ പേരുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വെബ്‌സൈറ്റില്‍ നിന്ന് അഞ്ചാം വാള്യം നീക്കം ചെയ്തതായി ശശികല ഇന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ടുമുണ്ട്. എന്നാല്‍, പേര് നീക്കം ചെയ്ത് അഞ്ചാം വാള്യം വീണ്ടും പ്രസിദ്ധീകരിക്കേണ്ടെന്ന അഭിപ്രായമാണ് ഐ സി എച്ച് ആര്‍ ഡിയിലെ ഗവേഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ളത്. അതിനാല്‍ പേര് നീക്കം ചെയ്ത് പരിഷ്‌കരിച്ച അഞ്ചാം വാള്യം പുനഃപ്രസിദ്ധീകരിക്കില്ലെന്നാണ് സൂചന.

മാത്രമല്ല, അഞ്ചാം വാള്യം എഡിറ്റ് ചെയ്തത് സംഘപരിവാറിന്റെ ബൗദ്ധിക സംഘടനയായ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഉപ ഡയറക്ടര്‍ ഡോ.സി ഐ ഐസക് ആണ്. വാരിയന്‍കുന്നത്ത് സ്വാതന്ത്ര്യസമരസേനാനിയും സ്വാതന്ത്ര്യസമരപോരാട്ടത്തില്‍ വീരചരമം പ്രാപിച്ച രക്തസാക്ഷിയുമാണെന്ന സാക്ഷ്യപത്രമാണ് ഭാരതീയ വിചാരകേന്ദ്രം നല്‍കിയത്.

പൃഥ്വിരാജിനെ നായകനായി വാരിയംകുന്നനെ സംബന്ധിച്ച് സംവിധായകന്‍ ആശിഖ് അബു പുതിയ സിനിമ പ്രഖ്യാപിച്ചതോടെയാണ് 1921ലെ സമരം കേരളത്തില്‍ വീണ്ടും ചര്‍ച്ചയായത്. സിനിമക്കെതിരെ വലിയ വിദ്വേഷ പ്രചാരണമാണ് സംഘ്പരിവാറുകാര്‍ നടത്തുന്നത്. ഇതിന് പിന്നാലെ സംഘ്പരിവാര്‍ സഹയാത്രികന്‍ അലി അക്ബര്‍ മറ്റൊരു സിനിമ പ്രഖ്യാപിക്കുകയും ധനസമാഹരണം നടത്തുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കേന്ദ്രം പുറത്തിറക്കിയ നിഘണ്ടുവില്‍ ആലി മുസ്ലിയാരുടെയും വാരിയന്‍കുന്നന്റെയും പേരുകള്‍ ഉള്‍പ്പെട്ടത്.