പത്തനംതിട്ടയില്‍ കൊവിഡ് മരണം 27 ആയി; 141 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Posted on: September 5, 2020 12:16 am | Last updated: September 5, 2020 at 12:16 am

പത്തനംതിട്ട | പത്തനംതിട്ടയില്‍ ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആഗസ്റ്റ് 29ന് രോഗം സ്ഥിരീകരിച്ച കടപ്ര സ്വദേശിനി എലിസബത്ത് ഉമ്മന്‍ (68) ആണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ മരിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങള്‍, കാന്‍സര്‍ രോഗങ്ങള്‍ക്ക് ചികിത്സയില്‍ ആയിരുന്നു ഇവര്‍. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 27 ആയി. ഇന്ന് ജില്ലയില്‍ 141 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 21 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 17 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 103 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധിതരില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. അഞ്ച് പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. 142 പേര്‍ രോഗമുക്തരായി.

അടൂര്‍, തിരുവല്ല താലൂക്കുകളില്‍ വിവിധ ക്ലസ്റ്ററുകളില്‍ നിന്നും രോഗം പടരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജില്ലയില്‍ ഇതുവരെ 3,739 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 2,335 പേര്‍ സമ്പര്‍ക്കം മൂലമാണ് രോഗബാധിതരായത്. ആകെ രോഗമുക്തരുടെ എണ്ണം 2,868 ആണ്. 842 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇന്ന് 155 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ആകെ 12,266 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,423 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കൊവിഡ് മരണനിരക്ക് 0.72 ശതമാനമാണ്. 4.71 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്.