ബൈറൂത്ത് സ്‌ഫോടനം; അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവന്റെ തുടിപ്പ്, കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ രക്ഷാപ്രവര്‍ത്തകര്‍

Posted on: September 4, 2020 10:30 pm | Last updated: September 5, 2020 at 7:21 am

ബൈറൂത്ത് | ലബനാന്‍ തലസ്ഥാനമായ ബൈറൂത്തില്‍
സ്‌ഫോടനത്തില്‍ തകര്‍ന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവന്റെ തുടിപ്പ്. ഒരുമാസം മുമ്പുണ്ടായ വന്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നാഡിമിടിപ്പും ഹൃദയമിടിപ്പും കേട്ടതായാണ് ചിലിയന്‍ രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ഇത് ഒരു കുട്ടിയുടെതാണെന്നാണ് ഇവരുടെ നിഗമനം. അത്യന്താധുനിക സ്‌കാനിംഗ്, സെന്‍സര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് കണ്ടെത്തല്‍. അവശിഷ്ടങ്ങള്‍ വലിയതോതില്‍ നീക്കാന്‍ സാധിച്ചെങ്കിലും ജീവന്റെ തുടിപ്പുയരുന്ന ഭാഗത്തേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. കുടുങ്ങി കിടക്കുന്ന മനുഷ്യ ജീവനെ കണ്ടെത്താന്‍ കഴിയുമെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന നിക്കോളാസ് സാദേ പ്രതീക്ഷ പ്രകടിപ്പിച്ചു.

തിരച്ചിലിലും പുനര്‍ നിര്‍മാണ പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിരുന്ന ഒരു സംഘത്തിലുണ്ടായിരുന്ന നായ തകര്‍ന്ന കെട്ടിടത്തിന് സമീപത്തേക്ക് ഓടുകയും അവിടെ ജീവന്റെ സാന്നിധ്യമുണ്ടെന്ന സൂചന നല്‍കുകയുമായിരുന്നുവെന്ന് സംഘാംഗം അഷ്‌റാഫീഹ് പറഞ്ഞു. പ്രത്യേക പരിശീലനം ലഭിച്ച നായകള്‍ സംഘത്തിലുണ്ട്. ആഗസ്റ്റ് നാലിനുണ്ടായ സ്‌ഫോടനത്തില്‍ 191 പേര്‍ കൊല്ലപ്പെടുകയും 6000ത്തില്‍ പരം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ചിലിയില്‍ നിന്നും എത്തിയ രക്ഷാപ്രവര്‍ത്തകരും ലബനീസ് സൈന്യവും ചേര്‍ന്നാണ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത്. അതിനിടെ, കെട്ടിടത്തിന്റെ മതില്‍ തങ്ങള്‍ക്കു മേല്‍ തകര്‍ന്നു വീണതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം രണ്ട് മണിക്കൂര്‍ നിര്‍ത്തിവെക്കേണ്ടി വന്നതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.