Connect with us

Kerala

പാലാരിവട്ടം: കേരളത്തിന്റെ ആവശ്യത്തില്‍ തീരുമാനം അന്തിമ വാദം കേട്ട ശേഷമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | പാലാരിവട്ടം പാലം പൊളിക്കാന്‍ അനുവദിക്കണമെന്ന കേരള സര്‍ക്കാറിന്റെ ആവശ്യത്തില്‍ അന്തിമവാദം കേട്ട് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി. രണ്ടാഴ്ച സമയമാണ് ഇതിന് കോടതി അനുവദിച്ചത്. അതുവരെ കേസില്‍ തത്സ്ഥിതി തുടരുമെന്നും ജസ്റ്റിസ്മാരായ റോഹിങ്ടന്‍ നരിമാന്‍, നവീന്‍ സിന്‍ഹ, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലാണ് ഹാജരായത്. പാലം പുതുക്കി പണിയണമെന്ന ഇ ശ്രീധരന്റെ ശുപാര്‍ശ അദ്ദേഹം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പാലം അടച്ചിട്ടിരിക്കുന്നത് ജനങ്ങളെ ബാധിക്കുന്നുണ്ടെന്നും പാലത്തിന്റെ കാര്യത്തില്‍ തത്സ്ഥിതി തുടരണമെന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്നും അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഇപ്പോള്‍ തീരുമാനം എടുത്താല്‍, അത് ഹര്‍ജിയില്‍ അന്തിമ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ രണ്ടാഴ്ചയ്ക്ക് ശേഷം കേസില്‍ അന്തിമ വാദം കേട്ട് തീര്‍പ്പ് കല്പിക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

Latest