Connect with us

National

അതിര്‍ത്തി വിഷയത്തില്‍ ചര്‍ച്ചക്ക് ആവശ്യപ്പെട്ട് ചൈന

Published

|

Last Updated

ന്യൂഡല്‍ഹി | അതിര്‍ത്തിയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയുമായുള്ള ചര്‍ച്ചക്ക് സമയം ചോദിച്ച് ചൈന. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെ മന്ത്രിതല ചര്‍ച്ചക്ക് ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെങ്ഹെ രാജ്നാഥ് സിങ്ങിനോട് സമയം ചോദിച്ചു.

ഇതിനിടെ ലഡാക്കിലുള്ള കരസേന മേധാവി ജനറല്‍ എം എം നരവനെ സംഘര്‍ഷ മേഖലകളിലെ സാഹചര്യങ്ങള്‍ നേരിട്ട് വിലയിരുത്തും. യഥാര്‍ത്ഥ നിയന്ത്രണ രേഖക്ക് സമീപത്തുള്ള മലനിരകളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയാണ് ഇന്ത്യ. ചൈനീസ് ടാങ്കുകള്‍ തകര്‍ക്കാന്‍ കഴിയുന്ന മിസൈലുകള്‍ ലഡാക്കിലെ മലനിരകളില്‍ എത്തിച്ച് ശക്തമായ ജാഗ്രതയിലാണ് സൈന്യം.

വ്യോമസേന മേധാവിയും കഴിഞ്ഞ ദിവസം ലഡാക്ക് സന്ദര്‍ശിച്ചിരുന്നു. ഇന്നലെയാണ് കരസേന മേധാവി ലഡാക്കിലെത്തിയത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലും രണ്ട് തവണ ചൈന അതിര്‍ത്തി ലംഘിച്ചിരുന്നു. ഇന്ത്യ തന്ത്രപ്രധാന പോയിന്റുകളില്‍ കയറിയത് ചൈനയെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യ പിന്‍മാറണമെന്ന് കമാന്‍ഡര്‍മാരുടെ യോഗത്തില്‍ ചൈന ആവശ്യപ്പെട്ടിരുന്നു. പിന്‍മാറ്റം ഇപ്പോള്‍ സാധ്യമല്ലെന്നും ആദ്യം ചൈന നേരത്തെയുള്ള ധാരണ പ്രകാരം സേനയെ പിന്‍വലിക്കണമെന്നും ഇന്ത്യ നിലപാടെടുത്തിരിക്കുകയാണ്.