Connect with us

Editorial

കഫീല്‍ ഖാനെ പിന്തുടരുന്ന ഭീതി; ഇന്ത്യയെയും

Published

|

Last Updated

ജുഡീഷ്യറി ഭരണകൂടത്തിന് വിധേയപ്പെടുന്നുവെന്ന വ്യാപകമായ പരാതിക്കിടയിലും ജുഡീഷ്യറിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ അവശേഷിപ്പിക്കുന്നതാണ് ഡോ. കഫീല്‍ ഖാനെ മോചിപ്പിച്ചു കൊണ്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവും ഇതോട് ബന്ധപ്പെട്ടുള്ള കോടതിയുടെ നിരീക്ഷണങ്ങളും. പൗരത്വ നിയമ ഭേദഗതിക്കെതിരെ 2019 ഡിസംബര്‍ 12ന് അലിഗഢ് സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ പ്രകോപനപരമായി പ്രസംഗിക്കുകയും സാമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന വ്യാജക്കുറ്റം ആരോപിച്ച് ദേശസുരക്ഷാ നിയമം (എന്‍ എസ് എ) ചാര്‍ത്തിയാണ് ജനുവരി 29ന്   കഫീല്‍ ഖാനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. എന്നാല്‍ ഈ പ്രസംഗത്തില്‍ വിദ്വേഷ പ്രചാരണമോ പ്രകോപനപരമായ പരാമര്‍ശങ്ങളോ ഇല്ലെന്നും ദേശീയ അഖണ്ഡതക്കും ഐക്യത്തിനുമുള്ള ആഹ്വാനം മാത്രമാണുള്ളതെന്നും ഹൈക്കോടതി കണ്ടെത്തി. അന്യായമായാണ് കഫീല്‍ ഖാനെ തടങ്കലില്‍ പാര്‍പ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥൂര്‍ അധ്യക്ഷനായ കോടതി ബഞ്ച്, ഖാന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് കേസെടുത്ത പോലീസ് നടപടി ശരിവെച്ച കീഴ്‌ക്കോടതി ജഡ്ജിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. മതിയായ രേഖകളോ തെളിവുകളോ ഇല്ലാതെയാണ് ഖാനെ തടവിലാക്കിയതെന്നും വിധിപ്രസ്താവത്തില്‍ പറയുന്നു. ജയില്‍ മോചനം ആവശ്യപ്പെട്ട് മാതാവ് നുസ്ഹത്ത് പര്‍വീന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയിലാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.
ഭരണകൂട ഭീകരതയുടെ ഇരയാണ് ഡോ. കഫീല്‍ ഖാന്‍. ശിശുരോഗ വിദഗ്ധനായ അദ്ദേഹം മൂന്ന് വര്‍ഷം മുമ്പ് വരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ് പൂരിലെ ബാബാ രാഘവ് ദാസ് (ബി ആര്‍ ഡി) മെഡിക്കല്‍ കോളജില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 2017 ആഗസ്റ്റില്‍ ബി ആര്‍ ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ സിലിന്‍ഡറുകളുടെ അഭാവം മൂലം എഴുപതോളം കുട്ടികള്‍ മരിക്കാനിടയാകുകയും കഫീല്‍ഖാന്‍ സ്വന്തം ചെലവില്‍ ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ എത്തിച്ച് നിരവധി കുട്ടികളുടെ ജീവന്‍ രക്ഷിക്കുകയും ചെയ്തതോടെയാണ് യു പി മുഖ്യന്റെ കണ്ണില്‍ അദ്ദേഹം കരടായിത്തീര്‍ന്നത്. അന്നു തൊട്ട് വ്യാജ ആരോപണങ്ങള്‍ ചുമത്തി നിയമത്തിന്റെ ദണ്ഡുമായി കഫീല്‍ ഖാനെ വിടാതെ പിന്തുടര്‍ന്നു കൊണ്ടിരിക്കുകയാണ് യു പി സര്‍ക്കാര്‍. ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിന്‍ഡറില്ലാത്തതിനാല്‍ കുട്ടികള്‍ കൂട്ടത്തോടെ മരിക്കുന്നത് കണ്ടപ്പോള്‍ ഡോ. കഫീല്‍ ഖാന്‍ സ്വന്തം ചെലവില്‍ ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ എത്തിച്ച സ്തുത്യര്‍ഹമായ പ്രവര്‍ത്തനം ദേശീയതലത്തില്‍ പ്രശംസിക്കപ്പെടുകയും അതോടൊപ്പം ആശുപത്രിയുടെ ശോച്യാവസ്ഥക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തു. ഇതാണ് യോഗി ആദിത്യനാഥിനെ ചൊടിപ്പിക്കാനിടയാക്കിയത്. കഫീല്‍ ഖാന്‍ ആശുപത്രിയില്‍ നിന്ന് സിലിന്‍ഡറുകള്‍ കടത്തിക്കൊണ്ടുപോയി സ്വകാര്യ ആശുപത്രികള്‍ക്ക് വിറ്റെന്ന കള്ളക്കേസ് ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യിപ്പിച്ചാണ് യു പി സര്‍ക്കാര്‍ തത്കാലം വിദ്വേഷവും പകയും അടക്കിയത്. ഒമ്പത് മാസത്തെ ജയില്‍ വാസവും രണ്ട് വര്‍ഷത്തെ സസ്‌പെന്‍ഷനും അനുഭവിച്ച ശേഷമാണ് കഫീല്‍ ഖാന് ഈ സംഭവത്തില്‍ ക്ലീന്‍ചിറ്റ് ലഭിച്ചത്.

ഇതുകൊണ്ടും കലിയടങ്ങാതെ അലിഗഢ് പ്രസംഗം ആയുധമാക്കി യു പി സര്‍ക്കാര്‍ പിന്നെയും അദ്ദേഹത്തെ വേട്ടയാടുകയായിരുന്നു. ഡല്‍ഹി ശഹീന്‍ബാഗ് പ്രതിഷേധ മാതൃകയില്‍ മുംബൈ ബാഗില്‍ ഒത്തുകൂടിയ പൗരത്വ വിരുദ്ധ സമരക്കാരെ അഭിസംബോധന ചെയ്യാനെത്തിയപ്പോള്‍ മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ചാണ് രണ്ടാമത് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഉത്തര്‍ പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ ആവശ്യപ്രകാരം മുംബൈ പോലീസാണ് അന്നദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. മുംബൈയില്‍ നിന്ന് യു പിയിലെത്തിച്ച് മഥുര ജയിലില്‍ തടവിലിടുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 10ന് അലിഗഢ് സി ജെ എം കോടതി ഖാന് ജാമ്യം അനുവദിച്ചെങ്കിലും ദേശീയ സുരക്ഷാ നിയമം ചുമത്തി അലിഗഢ് ജില്ലാ മജിസ്‌ട്രേറ്റ് ഫെബ്രുവരി 15ന് അദ്ദേഹത്തെ വീണ്ടും തടവിലാക്കി. ജയിലില്‍ അദ്ദേഹം നിരന്തരം പീഡനങ്ങളേറ്റു വാങ്ങി. പലപ്പോഴും ഭക്ഷണം നല്‍കാതെ ജയിലധികൃതര്‍ കഷ്ടപ്പെടുത്തിയതായി അദ്ദേഹം വെളിപ്പെടുത്തുന്നു. ഒടുവില്‍ കഴിഞ്ഞ ചൊവ്വാഴ്ച കാലത്ത് എത്രയും പെട്ടെന്ന് ജയില്‍ മോചിതനാക്കാന്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും ജയിലധികൃതര്‍ പിന്നെയും അദ്ദേഹത്തെ വിട്ടയക്കാതെ സമയം നീട്ടിക്കൊണ്ടുപോയി. ഇതിനെതിരെ കുടുംബം കോടതിയലക്ഷ്യക്കേസ് സമര്‍പ്പിക്കാന്‍ ഒരുങ്ങിയപ്പോഴാണ് വിട്ടയച്ചത്. കഫീല്‍ ഖാനെതിരായ യോഗി മുഖ്യന്റെ പ്രതികാര നടപടി രാജ്യത്തിനകത്തും പുറത്തും കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ഗത്യന്തരമില്ലാതെ ജയില്‍ മോചിതനാക്കിയെങ്കിലും കള്ളക്കേസുണ്ടാക്കി ഇനിയും ഏതവസരത്തിലും തന്നെ വീണ്ടും തടവറക്കുള്ളിലാക്കാന്‍ സാധ്യതയുണ്ടെന്ന് വിമോചനാനന്തരം നടത്തിയ പ്രസ്താവനയില്‍ ഖാന്‍ ആശങ്ക പ്രകടിപ്പിക്കുന്നു. മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത് മഥുരയിലേക്ക് കൊണ്ടുവരുന്ന വഴി ഏറ്റുമുട്ടലില്‍ തന്നെ കൊല്ലാതിരുന്നതിന് യു പി പോലീസിന് അദ്ദേഹം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. യു പിയില്‍ നിരന്തരം അരങ്ങേറുന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലക്കെതിരായ ഒളിയമ്പായിരുന്നു ഖാന്റെ ഈ പരാമര്‍ശം. സംഘ്പരിവാറിന്റെ ഹിന്ദുത്വ അജന്‍ഡകളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെയും സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നവരെയും ഏത് വിധേനയും ഇല്ലാതാക്കുകയെന്നതാണ് യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ രീതി. ഇതിന്റെ ഭാഗമാണ് വന്‍തോതിലുള്ള യു പിയിലെ ഏറ്റുമുട്ടല്‍ കൊലകള്‍. യോഗി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കഴിഞ്ഞ ഡിസംബര്‍ വരെയായി 5,178 ഏറ്റുമുട്ടല്‍ കൊലകള്‍ നടന്നതായി യു പി പോലീസിന്റെ തന്നെ ട്വീറ്റില്‍ വെളിപ്പെടുത്തുന്നുണ്ട്. ഇത്തരമൊരു ഭീകര ഭരണകൂടത്തിന്റെ കൈയില്‍ നിന്ന് കഫീല്‍ ഖാന്‍ രക്ഷപ്പെട്ടത് വലിയൊരു ഭാഗ്യം തന്നെയാണ്. പക്ഷേ, ഇതെത്ര കാലമെന്ന ചോദ്യം അവശേഷിക്കുന്നു. ഈ ആശങ്കയാണ് ഖാന്റെ പരാമര്‍ശത്തില്‍ നിഴലിച്ചു കാണുന്നത്.