Connect with us

National

മക്കളും മാതാവുമായുള്ള കഫീല്‍ ഖാന്റെ പുനഃസമാഗമം വൈറലാകുന്നു

Published

|

Last Updated

ലക്‌നോ | എട്ട് മാസത്തെ ജയില്‍വാസത്തിന് ശേഷം മോചിതനായ ഡോ.കഫീല്‍ ഖാന്റെ മക്കളുമായും മാതാവുമായുള്ള പുനഃസമാഗമ വീഡിയോ വൈറലാകുന്നു. തന്റെ ഫേസ്ബുക്ക് പേജിലാണ് കഫീല്‍ ഖാന്‍ 5.05 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ഇന്ന് രാവിലെ പോസ്റ്റ് ചെയ്തത്.

ഇതുവരെ 1.18 ലക്ഷം പേര്‍ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. 37000 തവണ ഷെയര്‍ ചെയ്യപ്പെട്ടു. ലക്ഷക്കണക്കിനാളുകള്‍ വീഡിയോ കണ്ടു. യോഗി സര്‍ക്കാര്‍ ദേശ സുരക്ഷാ നിയമം (എന്‍ എസ് എ) ചുമത്തി ജയിലിലടച്ച കഫീല്‍ ഖാന്‍ കഴിഞ്ഞ ദിവസമാണ് മോചിതനായത്. അലഹബാദ് ഹൈക്കോടതി എന്‍ എസ് എ എടുത്തുകളയുകയും ജാമ്യം അനുവദിക്കുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 12ന് അലിഗഡ് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിച്ച കഫീല്‍ ഖാനെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു യു പി പോലീസ് അറസ്റ്റുചെയ്തത്. തുടര്‍ന്ന് എട്ട് മാസത്തോളം ജാമ്യം പോലും അനുവദിക്കാതെ തടങ്കലിലിട്ട് പീഡിപ്പിക്കുകയായിരുന്നു.

എന്നാല്‍ കഫീല്‍ ഖാന്‍ നടത്തിയ പ്രസംഗം വിദ്വേഷമോ കലാപമോ പ്രചരിപ്പിച്ചില്ല, മറിച്ച് ദേശീയോദ്ഗ്രഥനത്തിനും പൗരന്മാര്‍ക്കിടയിലെ ഐക്യത്തിനുമുള്ള ആഹ്വാനമായിരുന്നു എന്നുമാണ് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി കണ്ടെത്തിയത്. വ്യക്തമായ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്ത് കഫീല്‍ ഖാന് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിച്ചെന്നും കോടതി നിരീക്ഷിച്ചു. യാതൊരു തെളിവുമില്ലാതെ നിയമവിരുദ്ധമായാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയതെന്ന് പറഞ്ഞ കോടതി ഇത് റദ്ദാക്കി. കരുതല്‍ തടങ്കല്‍ റദ്ദാക്കുന്നതായും കോടതി അറിയിച്ചിരുന്നു.

പുനഃസമാഗമത്തിന്റെ വീഡിയോ കാണാം:

https://www.facebook.com/drkafeelkhanofficial/posts/3192892017453545