Connect with us

National

ചൈനീസ് പ്രകോപനം തുടരുന്നു; കരസേന മേധാവി ലഡാക്കില്‍

Published

|

Last Updated

ന്യൂഡല്‍ഹി | അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍ മേഖലയില്‍ ഇന്ത്യ സൈനികവിന്യാസം ശക്തമാക്കി. നിലവില്‍ അതിര്‍ത്തിയിലെ സ്ഥിതി വിലയിരുത്താന്‍ കരസേനാമേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ ലഡാക്കിലെത്തി. ഒരു ദിവസത്തെ സന്ദര്‍ശനത്തില്‍, സീനിയര്‍ ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ കരസേനാമേധാവിയോട് അതിര്‍ത്തിയിലെ സൈനികവിന്യാസം എങ്ങനെയെന്ന് വിശദീകരിക്കും.

ചുല്‍സുല്‍ സെക്ടറിലേക്ക് കൂടുതല്‍ സൈനികട്രൂപ്പുകളെ ഇറക്കി ചൈന നടത്തിയ പ്രകോപനനീക്കം ചെറുക്കാനാണ് ഇന്ത്യയും 1597 കിലോമീറ്റര്‍ നീളമുള്ള നിയന്ത്രണരേഖയില്‍ കൂടുതല്‍ സൈനികവിന്യാസം നടത്തിയിരിക്കുന്നത്. അക്‌സായ് ചിന്‍ മേഖലയില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ വിമാനങ്ങള്‍ റോന്ത് ചുറ്റുന്നുണ്ട്.

മേഖലയിലെ സൈനികബേസ് ക്യാമ്പുകള്‍ ചൈന ശക്തിപ്പെടുത്തുമ്പോള്‍, സ്‌പെഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്‌സില്‍ നിന്ന് കൂടുതല്‍ സൈനികരെ ഇന്ത്യയും അതിര്‍ത്തിയിലെത്തിക്കുന്നു. 1962-ലെ ഇന്ത്യ ചൈന യുദ്ധത്തിന് ശേഷം രൂപീകരിച്ച സേനാവിഭാഗമാണ് സ്‌പെഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്‌സ്. അഞ്ച് ദിവസം മുമ്പ്, പാങ്‌ഗോങ് തടാകത്തിന്റെ തെക്ക് ഭാഗത്ത് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറി സ്ഥാനമുറപ്പിക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ നീക്കം മുന്‍കൂട്ടി കണ്ട് തടയിട്ടത് എസ്എഫ്എഫ് സൈനികരാണ്. ചൈനയുടെ ഈ പ്രകോപനത്തിന് ശേഷം, അതിര്‍ത്തിയിലെ എല്ലാ പ്രധാനമലനിരകളിലും ഇന്ത്യന്‍ സൈന്യം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ഓഗസ്റ്റ് 29, 30 തീയതികളിലാണ് ചൈന വീണ്ടും ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നുകയറി പിടിച്ചടക്കാന്‍ ശ്രമം തുടങ്ങിയത്.