ജി എസ് ടി നഷ്ടപരിഹാരം; പ്രധാന മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Posted on: September 3, 2020 12:15 am | Last updated: September 3, 2020 at 8:22 am

തിരുവനന്തപുരം | സംസ്ഥാനങ്ങള്‍ക്കുള്ള ജി എസ് ടി നഷ്ടപരിഹാരം മുടങ്ങുന്നത് ചൂണ്ടിക്കാട്ടി പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കണക്കില്‍ കേരളത്തിന് നഷ്ടപരിഹാരമായി 7000 കോടി കിട്ടാനുണ്ടെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2015- 16 സാമ്പത്തികവര്‍ഷം അടിസ്ഥാനമാക്കി അഞ്ചുവര്‍ഷത്തേക്കു വിഹിതം നല്‍കുമെന്ന് ജി എസ് ടി (കോമ്പന്‍സേഷന്‍ ആക്ട്) 2017 വഴി ഉറപ്പുനല്‍കിയിരുന്നു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഈ വിഹിതം മുടങ്ങിയിരിക്കുകയാണ്. ഈയിനത്തില്‍ വന്ന നഷ്ടത്തെ കൊവിഡ് മഹാമാരിയെന്ന ദൈവിക നിയോഗമായി വേര്‍തിരിച്ചു കാണണമെന്ന് ഈയിടെ നടന്ന ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞത് നിരാശാജനകമാണെന്നും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

കൊവിഡിനെതിരായ പോരാട്ടത്തെ മുന്നില്‍ നിന്നു നയിക്കുന്ന സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ സാമ്പത്തികനഷ്ടം കേന്ദ്രം കാണണം. സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാര വിഹിതം കേന്ദ്രം ഉറപ്പു നല്‍കിയതാണ്. ഇതിനെ മറികടക്കാനായി കേന്ദ്രം ആഗസ്റ്റ് 30ന് മുന്നോട്ടു വെച്ച രണ്ടിന കടമെടുക്കല്‍ നിര്‍ദേശം ദൗര്‍ഭാഗ്യകരവും സംസ്ഥാനങ്ങളുടെ താത്്പര്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്നും കത്തില്‍ പറയുന്നു.