റിയാദില്‍ കെട്ടിടം തകര്‍ന്ന് മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

Posted on: September 2, 2020 11:32 pm | Last updated: September 3, 2020 at 7:33 am

റിയാദ് | സഊദിയില്‍ റിയാദിലെ തെക്ക് പടിഞ്ഞാറന്‍ പ്രദേശമായ അതീഖയില്‍ കെട്ടിടം തകര്‍ന്ന് മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. പാലക്കാട് എലുമ്പിലാശ്ശേരി സ്വദേശി നാലംകണ്ടം മുഹമ്മദ് (47), ഒരു തമിഴ്നാട് സ്വദേശി എന്നിവരാണ് മരിച്ചത്. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഇവരെ ശുമൈസി കിംഗ് സഊദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതീഖ പച്ചക്കറി മാര്‍ക്കറ്റിന് സമീപത്തെ കെട്ടിടമാണ് തകര്‍ന്നത്. കാലപ്പഴക്കം ചെന്ന കെട്ടിടമാണിതെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് വെളിപ്പെടുത്തി. അപകടം നടന്നയുടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ സഊദി സിവില്‍ ഡിഫന്‍സും പോലീസും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.