ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ഉള്‍പ്പെടെ മൂന്ന് പി എസ് ജി താരങ്ങള്‍ക്ക് കൊവിഡ്

Posted on: September 2, 2020 11:04 pm | Last updated: September 3, 2020 at 8:22 am

പാരീസ് | ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ ഉള്‍പ്പെടെ പി എസ് ജിയിലെ മൂന്നു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഏഞ്ചല്‍ ഡി മരിയ, ലിയനാര്‍ഡോ പരേഡസ് എന്നിവരാണ് കൊവിഡ് ബാധിച്ച മറ്റ് രണ്ടുപേര്‍. ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ശേഷം മൂന്ന് താരങ്ങളും ഉല്ലാസ യാത്രയിലായിരുന്നു. തിരികെ പാരീസില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്.

ടീമിലെ മൂന്ന് താരങ്ങള്‍ കൊവിഡ് ബാധിതര്‍ ആയെന്ന് പി എസ് ജി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇവരാരൊക്കെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഫ്രഞ്ച് മാധ്യമങ്ങളാണ് താരങ്ങളുടെ പേരു വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. നെയ്മര്‍ക്ക് കൊവിഡ് ബാധിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താരങ്ങള്‍ക്കും പരിശീലകര്‍ക്കുമുള്ള പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് പി എസ് ജി വ്യക്തമാക്കിയിട്ടുണ്ട്.