വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം നടത്തും

Posted on: September 2, 2020 7:16 pm | Last updated: September 2, 2020 at 7:16 pm

പത്തനംതിട്ട| ചിറ്റാറില്‍ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം വെള്ളിയാഴ്ച വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തും. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മൂന്ന് ഫൊറന്‍സിക് ഡോക്ടറുമാരുടെ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക.

കേസ് സിബിഐ ഏറ്റെടുത്തതിന് പിന്നാലെയാണ് റീ പോസ്റ്റ്‌മോര്‍ട്ടം നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 28 നാണ് വനം വകുപ്പ് കസ്റ്റഡിയിലായിരുന്ന മത്തായിയെ എസ്റ്റേറ്റ് കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മത്തായിയുടേത് കസ്റ്റഡി മരണമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ചൂണ്ടികാട്ടി ഭാര്യ ഷീബ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി അന്വേഷണം സിബിഐക്ക് കൈമാറിയത്. പ്രതികളെ പിടികൂടുന്നതുവരെ മത്തായിയുടെ മൃതദേഹം സംസ്‌കാരിക്കില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്.