ജി ഡി പി ഏറ്റവും മോശമായ അവസ്ഥയില്‍; രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ കൂടുന്നു

Posted on: September 2, 2020 9:39 am | Last updated: September 2, 2020 at 12:02 pm

ന്യൂഡല്‍ഹി | കൊവിഡും മറ്റും മൂലം രാജ്യത്തെ സമ്പത്ത് വ്യവസ്ഥ വലിയ തകര്‍ച്ച നേരിടുന്നതിനിടെ തൊഴിലില്ലായ്മ സംബന്ധിച്ച പുതിയ പഠനം പുറത്ത്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി (സി എം ഐ ഇ) നടത്തിയ പഠന പ്രകാരം കാര്‍ഷിക മേഖലയിലും ഔദ്യോഗിക മേഖലയിലും തൊഴിലില്ലായ്മ രൂക്ഷമായതായി പറയുന്നു. നഗര മേഖലയില്‍ ജൂലൈയിലുണ്ടായിരുന്നതിനേക്കാളും വര്‍ധിച്ച നിരക്കാണ് ഇപ്പോഴുള്ളത്. ജൂലൈയില്‍ 9.15 ശതമാനമായിരുന്നു തൊഴില്ലായ്മ നിരക്കെങ്കില്‍ ആഗസ്റ്റിലത് 9.83 ശതമാനമായി വര്‍ധിച്ചെന്ന് സി എം ഐ ഇ പഠനം പറയുന്നു.

നഗര മേഖലയില്‍ പത്ത് പേരില്‍ തൊഴില്‍ രഹിതരാണെന്നാണ് ഇവര്‍ പറയുന്നത്. ഗ്രാമീണ മേഖലയില്‍ തൊഴിലില്ലായ്മ വര്‍ധിച്ചതായാണ് കാണുന്നത്. ജൂലൈ മാസത്തില്‍ 6.66 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്കെങ്കില്‍ അത് ആഗസ്റ്റിലെത്തുമ്പോള്‍ 7.65 ശതമാനമായി വര്‍ധിച്ചു.

ഗ്രാമീണ മേഖലയില്‍ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഹരിയാനയാണ്. 33.5 ശതമാനമാണ് ഹരിയാനയിലെ തൊഴിലില്ലായ്മ നിരക്ക്. ത്രിപുരയാണ് രണ്ടാം സ്ഥാനത്ത് 27.9 ശതമാനമാണ് ത്രിപുരയിലെ തൊഴിലില്ലായ്മ നിരക്ക്.

ലോകത്ത് തന്നെ ജി ഡി പി നിരക്കില്‍ ഏറ്റവും മോശമായ സ്ഥിതിയില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. വളര്‍ച്ചാ നിരക്ക് വളരെ പരിതാപകരമായ അവസ്ഥയിലെത്തി. കൊവിഡ് പ്രതിസന്ധി ഇനിയും മാസങ്ങള്‍ തുടര്‍ന്നാല്‍ സ്ഥിതി ഭയാനകമായ അവസ്ഥ എത്തുമെന്ന് സാമ്പത്തിക വിദ്ഗദര്‍ പറയുന്നു. രാജ്യത്തെ സാമ്പദ് വ്യവസ്ഥയുടെ കുതിപ്പിന് സര്‍ക്കാര്‍ അടിയന്തരമായ ഇടപെടലുകള്‍ നടത്തണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നതിനിടെയാണ് രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുത്തനെ കൂടുന്നുവെന്ന വാര്‍ത്തയും പുറത്ത് വരുന്നത്.