രണ്ടില ലഭിച്ച കരുത്തില്‍ ജോസഫിനൊപ്പമുള്ളവരെ തിരികെ എത്തിക്കാന്‍ കരുക്കള്‍ നീക്കി ജോസ്

Posted on: September 2, 2020 8:29 am | Last updated: September 2, 2020 at 10:41 am

കോട്ടയം | പാര്‍ട്ടി ചിഹ്നവും പാര്‍ട്ടി പേരും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച നല്‍കിയതിന് തുടര്‍ന്നുള്ള ആത്മവിശ്വാസത്തില്‍ രാഷ്ട്രീയ കരുക്കള്‍ ശക്തമാക്കി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. പി ജെ ജോസഫിനൊപ്പമുള്ളവരെ പരമാവധി തിരികെ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അയോഗ്യത ഭീഷണികള്‍ക്കൊപ്പം അനുനയ നീക്കവും ഇതിനായി നടക്കുന്നു. ബൂത്ത്, പഞ്ചായത്ത് തലത്തില്‍ ജോസഫിനൊപ്പം ചേക്കേറിയവരെ പുറത്തു ചാടിക്കാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ ശ്രമം. രണ്ടിലയില്‍ മത്സരിച്ച് ജയിച്ച് പി ജെ ജോസഫിനൊപ്പം പോയ പഞ്ചായത്ത് മെമ്പര്‍മാര്‍ അടക്കം തിരികെ മടങ്ങണമെന്ന് ജോസ് കെ മാണി പറയുന്നു. നിയമ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് ഉള്ളതിനാല്‍ പലരും മറിച്ചു ചിന്തിക്കാനും സാധ്യതയുണ്ട്.

പാര്‍ട്ടി ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച നല്‍കിയതോടെ പി ജെ ജോസഫ് വിഭാഗം വലിയ പ്രതിരോധത്തിലാണ്. മുന്നണിയില്‍ തന്നെ ഇത് പ്രശ്‌നം സൃഷ്ടിക്കുന്നു. ജോസിനെ ജോസഫ് ശക്തമായി എതിര്‍ക്കുന്നുണ്ടെങ്കിലും മുന്നണിയിലെ മറ്റ് കക്ഷികളുടെ പിന്തുണ ഇതിനില്ല. മാത്രമല്ല എങ്ങനെയെങ്കിലും ജോസ് കെ മാണിയെ മുന്നണിയിലെത്തിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നടത്തുന്നത്. ഇതിനായി മുസ്ലിം ലീഗിനെ ചര്‍ച്ചക്ക് ചുമതലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍ മുന്നണി പ്രവേശനം തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാകുമെന്ന് ജോസ് കെ മാണി പറയുന്നുണ്ടെങ്കിലും എങ്ങോട്ടെന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. എല്‍ ഡി എഫാണ് ജോസിന് പ്രിയമെന്ന് പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍ പറയുന്നത്.