Connect with us

International

പ്രവാചക കാര്‍ട്ടൂണുകള്‍ പുനഃപ്രസിദ്ധീകരിച്ച് ഫ്രഞ്ച് ആഴ്ചപ്പതിപ്പ്

Published

|

Last Updated

പാരീസ് | ലോകവ്യാപകമായി വന്‍ പ്രതിഷേധത്തിനും വിശ്വാസികളുടെ രോഷത്തിനും ഇടയായ, പ്രവാചകനെ അവഹേളിക്കുന്ന കാര്‍ട്ടൂണുകള്‍ വീണ്ടും പ്രസിദ്ധീകരിച്ച് ഫ്രഞ്ച് ആക്ഷേപഹാസ്യ ആഴ്ചപ്പതിപ്പായ ചാര്‍ലി ഹെബ്ദോ. ഞങ്ങള്‍ ഒരിക്കലും മുട്ടുമടക്കില്ല, ഞങ്ങളൊരിക്കലും ഉപേക്ഷിക്കില്ല എന്ന് മുഖപ്രസംഗത്തില്‍ എഴുതിയാണ് കാര്‍ട്ടൂണുകള്‍ പുനഃപ്രസിദ്ധീകരിച്ചത്.

2015ല്‍ ആഴ്ചപ്പതിപ്പിന്റെ ഓഫീസില്‍ നടന്ന ഭീകരാക്രമണത്തിന്റെ വിചാരണ ആരംഭിക്കുന്ന ഘട്ടത്തിലാണ് കാര്‍ട്ടൂണുകള്‍ പുനഃപ്രസീദ്ധീകരിച്ചത്. ഭീകരാക്രമണത്തില്‍ ഫ്രാന്‍സിലെ ജനപ്രിയ കാര്‍ട്ടൂണിസ്റ്റുകള്‍ അടക്കം 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയവര്‍ കൊല്ലപ്പെട്ടെങ്കിലും ബന്ധമുള്ള 14 പേരുടെ വിചാരണയാണ് നടക്കുക.

ഡെന്മാര്‍ക്കിലെ പത്രം ജില്ലന്‍ഡ് പോസ്റ്റണ്‍ 2005ല്‍ പ്രസിദ്ധീകരിച്ച വിവാദ കാര്‍ട്ടൂണ്‍ 2006ല്‍ ചാര്‍ലി ഹെബ്ദോ പുനഃപ്രസിദ്ധീകരിച്ചിരുന്നു. ഇതടക്കം പന്ത്രണ്ട് കാര്‍ട്ടൂണുകളാണ് ഹെബ്ദോയുടെ പുതിയ പതിപ്പിലുള്ളത്. മാത്രമല്ല, ഹെബ്ദോയുടെ കാര്‍ട്ടൂണിസ്റ്റ് ജീന്‍ കെബുദ് എന്ന കെബു വരച്ച പ്രവാചകന്റെ കാര്‍ട്ടൂണ്‍ ആണ് കവറിന്റെ മധ്യത്തിലുള്ളത്. ആക്രമണത്തില്‍ കെബു കൊല്ലപ്പെട്ടിരുന്നു.

കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിക്കാനുള്ള യഥാര്‍ഥ സമയം ഇതാണെന്ന് ഹെബ്ദോയുടെ മുഖപ്രസംഗത്തില്‍ പറയുന്നു. അതേസമയം, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സ്വീഡനില്‍ വിശുദ്ധ ഖുര്‍ആന്റെ കോപ്പി കത്തിച്ച പശ്ചാത്തലത്തിൽ കൂടിയാണ് ഹെബ്ദോ ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുന്നത്.

Latest