സംസ്ഥാനത്ത് ഇന്ന് എട്ട് കൊവിഡ് മരണം

Posted on: September 1, 2020 4:09 pm | Last updated: September 1, 2020 at 8:27 pm

കൊല്ലം | സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മൂന്നു പേര്‍ കൂടി മരിച്ചു. അഞ്ചല്‍ സ്വദേശിനി അശ്വതി (25), ചെറിയ വെളിനല്ലൂര്‍ ആശാ മുജീബ് (45), കൊല്ലം ദേവിനഗര്‍ സ്വദേശി ആന്റണി (70) എന്നിവരാണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. മൂന്നു പേരും മറ്റ് അസുഖങ്ങള്‍ക്കും ചികിത്സിയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇന്നത്തെ മാത്രം കൊവിഡ് മരണം എട്ടായി.

കോഴിക്കോട് രണ്ട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓരോ മരണവും ഇന്ന് ഉച്ചക്കു മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോഴിക്കോട്ട് മാവൂര്‍ കുതിരാടം സ്വദേശി കമ്മുക്കുട്ടി (58), മൂടാടി സ്വദേശി സൗദ (58) എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും വൃക്കരോഗമടക്കമുള്ള അസുഖങ്ങളുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരണം. കണ്ണൂരില്‍ തളിപ്പറമ്പ് കാര്യമ്പലം സ്വദേശി സത്താറാണ് മരിച്ചത്. 70 വയസ്സായിരുന്നു. ഇന്ന് രാവിലെ 7.45നാണ് പരിയാരത്തുവെച്ച് മരിച്ചത്. അര്‍ബുദ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് പ്രമേഹവും ഉണ്ടായിരുന്നു. മലപ്പുറത്ത് ഒളവട്ടൂര്‍ സ്വദേശി ആമിന (95)യാണ് മരിച്ചത്. ഹൃദ്രോഗിയായിരുന്നു. ഇതോടെ മലപ്പുറത്ത് മാത്രം കൊവിഡ് മരണം 40 ആയി. കാസര്‍കോട്ട് മഞ്ചേശ്വരം ഹൊസങ്കടി സ്വദേശി അബ്ദുറഹ്മാനാണ് (60) മരിച്ചത്. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഹൃദ്രോഗത്തെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്റര്‍ ചികിത്സക്കായി പരിയാരത്ത് എത്തിക്കുകയായിരുന്നു.