Connect with us

National

ദേശീയ അന്വേഷണ ഏജന്‍സികളെ ബി ജെ പി രാഷ്ട്രീയ താത്പര്യത്തിന് ഉപയോഗിക്കുന്നു; കോണ്‍ഗ്രസ്

Published

|

Last Updated

ജയ്പൂര്‍ | രാജീവ് ഗാന്ധി ഫൗണ്ടേഷന്റേയും രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന്റേയും സാമ്പത്തിക ഇടപാട് സംബന്ധിച്ച് അന്വേഷണം വേണമെന്ന ബി ജെ പിയുടെ പ്രസ്താവനക്ക് പിന്നാലെ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സി ബി ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ കുറ്റപ്പെടുത്തി.

കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന മെഹുല്‍ ചോക്സി, റാണ കപൂര്‍, ജിഗ്‌നേഷ് ഷാ, സാക്കിര്‍ നായിക്ക് തുടങ്ങിയവരില്‍ നിന്നും രാജീവ് ഗാന്ധി ഫൗണ്ടേഷനും രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റും സംഭാവന സ്വീകരിച്ചിരുന്നെന്ന് ബി ജെ പി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനാല്‍ ഇവരുടെ സംഭാവനകളുടെ ഉറവിടം വ്യക്തമാകുന്നതിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു മാക്കന്‍.

രാജസ്ഥാനിലും മറ്റു സംസ്ഥാനങ്ങളിലും ബി ജെ പിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും സി ബി ഐയെയും രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി ഉപയോഗിക്കുന്നത്. ഇ ഡി ആദ്യം തന്നെ അന്വേഷണത്തിനായി കടന്നുവരില്ലെന്നും നേരത്തെയുണ്ടാകുന്ന അന്വേഷണങ്ങളില്‍ പൊരുത്തക്കേടുകള്‍ കാണുമ്പോഴാണ് അവര്‍ കേസ് അന്വേഷിക്കുന്നതെന്നും മാക്കന്‍ പറഞ്ഞു.

 

Latest